X

പച്ചില പെട്രോള്‍ രാമര്‍ പിള്ളക്ക് മൂന്നു വര്‍ഷം തടവു ശിക്ഷ

പച്ചിലയില്‍ നിന്ന് പെട്രോളുണ്ടാക്കിയെന്ന അവകാശവാദമുന്നയിച്ച് തരംഗം സൃഷ്ടിച്ച തമിഴ്‌നാട്ടുകാരന്‍ രാമര്‍ പിള്ളക്ക് മൂന്നു വര്‍ഷം തടവുശിക്ഷ. സി.ബി.ഐ അന്വേഷണത്തിനൊടുവിലാണ് പൊതുജനങ്ങളെ വഞ്ചിച്ചു എന്ന കേസില്‍ രാമറിനും കൂട്ടാളികളായ ആര്‍. വേണുദേവി, എസ്. ചിന്നസാമി, ആര്‍. രാജശേഖരന്‍, എസ്.കെ ഭരത് എന്നിവര്‍ക്കും കോടതി ശിക്ഷ വിധിച്ചത്. ഓരോരുത്തരും 6000 രൂപ വീതം പിഴയും ഒടുക്കണം.

1999, 2000 കാലയളവില്‍ ടോള്യൂന്‍, നാഫ്ത തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ മായം ചേര്‍ത്ത് രാമര്‍ പെട്രോള്‍ എന്ന പേരില്‍ വില്‍ക്കുകയായിരുന്നുവെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഈ ഇന്ധനം പച്ചിലയില്‍ നിന്ന് ഉണ്ടാക്കിയതാണെന്ന വ്യാജ അവകാശവാദവും രാമര്‍ ഉന്നയിച്ചു. ഐ.എസ്.ഐ ഗുണനിലവാരം ഈ ഉല്‍പ്പന്നത്തിന് ഉണ്ടായിരുന്നില്ല.

വിവിധ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിച്ചും നിക്ഷേപങ്ങള്‍ സ്ഥാപിച്ചും രാമറും സംഘവും രണ്ടരക്കോടി രൂപയോളം സമ്പാദിച്ചു. – സി.ബി.ഐ പറഞ്ഞു.

2000-ല്‍ അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് ‘പച്ചില പെട്രോള്‍’ നിര്‍മാണം നിര്‍ത്തിവെച്ച രാമര്‍ 2010-ല്‍ പുതിയ അവകാശവാദവുമായി രംഗത്തുവന്നിരുന്നു. അമോണിയം ക്ലോറൈഡ്, ഈര്‍ച്ചപ്പൊടി, യീസ്റ്റ് എന്നിവ ചേര്‍ത്ത് വെള്ളത്തില്‍ കലക്കിയാല്‍ പെട്രോള്‍ ഉണ്ടാക്കാമെന്ന ‘കണ്ടെത്തലി’നു പക്ഷേ, വലിയ പ്രചാരം ലഭിച്ചില്ല.

chandrika: