X
    Categories: indiaNews

രാമനവമി അക്രമം; മുസ്‌ലിം വീടുകള്‍ ഇടിച്ചുനിരത്തി

ഭോപ്പാല്‍: മധ്യപ്രദേശിലെ ഖര്‍ഗോനില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ മറവില്‍ മുസ്‌ലിംകളുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തി. സംഘര്‍ഷത്തിന് ഉത്തരവാദികള്‍ എന്ന് ആരോപിച്ചാണ് ജില്ലാ ഭരണകൂടം വീടുകളും കെട്ടിടങ്ങളും നിയമവിരുദ്ധമായി പൊളിച്ചത്.

വീടുകളും കെട്ടിടങ്ങളും അടക്കം അമ്പതിലധികം വസ്തുവകകള്‍ തകര്‍ക്കപ്പെട്ടു. ഭൂരിഭാഗവും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. പൊലീസ് സംരക്ഷണത്തില്‍ ബുള്‍ഡോസറുകള്‍ കൊണ്ട് കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തുന്നതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊതു സ്ഥലങ്ങള്‍ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളതെന്ന് ഇന്‍ഡോര്‍ ഡിവിഷണല്‍ കമ്മിഷണര്‍ പവന്‍ ശര്‍മ പറഞ്ഞു. 45 വസ്തുവകകളാണ് പൊളിച്ചത്. സാമുദായിക സംഘര്‍ഷത്തിലെ കുറ്റാരോപിതരുടെ സ്വത്തും ഇതിലുണ്ട്. റവന്യൂ രേഖകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്- ശര്‍മ പറഞ്ഞു. കോടതി കുറ്റക്കാരാണ് എന്നു കണ്ടെത്താത്ത പ്രതികളുടെ സ്വത്തുവകകള്‍ എങ്ങനെയാണ് പൊളിക്കുക എന്ന ചോദ്യത്തിന്, അനധികൃത നിര്‍മാണമാണ് എങ്കില്‍ തങ്ങള്‍ക്ക് നടപടിയെടുക്കാമെന്നായിരുന്നു ശര്‍മയുടെ മറുപടി.

കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഔദ്യോഗിക ഉത്തരവ് ആവശ്യപ്പെട്ട സമുദായ നേതാക്കളെ പൊലീസ് ആക്രമിച്ചതായും ആരോപണമുണ്ട്. ആസാദ് നഗറിലെ പ്രധാന പള്ളിക്ക് സമീപം നിന്ന് നിരവധി മുസ്‌ലിം യുവാക്കളെ പൊലീസ് പിടികൂടി കൊണ്ടുപോയെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം സംഘര്‍ഷത്തില്‍ അന്വേഷണം നടക്കുകയോ പ്രതികളെന്ന് കണ്ടെത്തുകയോ ചെയ്യുന്നതിന് മുമ്പ് തന്നെ കെട്ടിടങ്ങള്‍ പൊളിച്ചത് നിയമവിരുദ്ധമാണെന്ന് വിമര്‍ശനമുണ്ട്. നീതിന്യായ സംവിധാനത്തെ നോക്കുകുത്തിയാക്കുന്ന നടപടിയാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.

അക്രമങ്ങളുടെ പേരില്‍ ഇതുവരെ 80 ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. രാമനവമി ദിനത്തില്‍ വ്യാപകമായ അക്രമമാണ് രാജ്യത്തിന്റെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, ഗുജറാത്ത്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിരവധി അക്രമങ്ങള്‍ അരങ്ങേറി. രണ്ടു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Test User: