തിരുവനന്തപുരം: പൊലീസ് കാര്യങ്ങളില്‍ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ നിയമിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവ സൂപ്പര്‍ ഡി.ജി.പി ചമയുന്നതിനെതിരെ പൊലീസ് സേനയില്‍ അതൃപ്തി. ഇക്കാര്യത്തിലുള്ള അതൃപ്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന. ടി.പി സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതിവിധി മുന്‍കൂട്ടികണ്ടായിരുന്നു രമണ്‍ ശ്രീവാസ്തവയെ ഉപദേശകനായി നിയമിച്ചതെന്ന ആക്ഷേപങ്ങള്‍ ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍.
ചീഫ് സെക്രട്ടറിയാണ് സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. ഡി.ജി.പിക്കും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റാങ്കാണ്. ഡി.ജി.പി സ്ഥാനത്ത് ലോക്‌നാഥ് ബെഹ്‌റ ആയാലും ടി.പി സെന്‍കുമാറായാലും ചീഫ് സെക്രട്ടറിയുടെ റാങ്കിന് താഴെയാണ്. ഈ സാഹചര്യത്തിലാണ് രമണ്‍ ശ്രീവാസ്തവയുടെ ചീഫ് സെക്രട്ടറി റാങ്കിലെ നിയമനത്തിന് പ്രാധാന്യം വര്‍ധിക്കുന്നത്.
ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി കഴിഞ്ഞാല്‍ അടുത്ത അധികാര കേന്ദ്രം ഇനി ശ്രീവാസ്തവയായിരിക്കും. മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളില്‍ വിളിച്ച തിരുവനന്തപുരം, കണ്ണൂര്‍ റേഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ രണ്ടാം സ്ഥാനക്കാരനായി ശ്രീവാസ്തവ പങ്കെടുത്തിരുന്നു. തിങ്കളാഴ്ച കണ്ണൂരില്‍ നടന്ന യോഗത്തില്‍ ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാനുമായി ശ്രീവാസ്തവ കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു. യോഗത്തിനിടെ ഉത്തരമേഖലയിലെ പൊലീസുകാരുടെ എണ്ണക്കുറവ് രാജേഷ് ദിവാന്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ ഈ യോഗം അതിനുള്ളതല്ലെന്ന് രമണ്‍ ശ്രീവാസ്തവ ഇടപെട്ട് പറഞ്ഞതാണ്, ഡി.ജി.പി രാജേഷ് ദിവാനെ ചൊടിപ്പിച്ചത്. തന്റെ മേഖലയിലെ കാര്യം പറയേണ്ടെ എന്ന് രാജേഷ് ദിവാന്‍ കടുപ്പിച്ച് ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.
വിജിലന്‍സ് ആസ്ഥാനത്തേക്ക് ഉള്‍പ്പെടെ ഫോണില്‍ വിളിച്ച് ഉദ്യോഗസ്ഥര്‍ക്ക് രമണ്‍ ശ്രീവാസ്തവ നിര്‍ദേശം നല്‍കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം പരാതിപ്പെടുന്നു. പൊലീസിന്റെ ദൈനംദിന കാര്യങ്ങളില്‍ അമിതമായ ഇടപെടല്‍ ഉണ്ടാകുന്നുവെന്നാണ് പരാതി. ശ്രീവാസ്തവ കേരളത്തില്‍ ഡി.ജി.പിയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരായിരുന്നു സെന്‍കുമാറും ലോക്‌നാഥ് ബെഹ്‌റയും. സുപ്രീംകോടതി വിധി പ്രകാരം സെന്‍കുമാര്‍ ഡി.ജി.പിയാകുന്നതോടെ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടാകുന്ന രൂപത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ചീഫ് സെക്രട്ടറിയുടെ റാങ്കിലുള്ള മുന്‍ ഡി.ജി.പിയുടെ നിര്‍ദേശങ്ങളില്‍ തൊട്ടുതാഴെയുള്ള പൊലീസ് മേധാവി എന്തു നടപടി സ്വീകരിക്കുമെന്നതാണ് ഇനി കാണേണ്ടത്.
പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളുടെ പേരില്‍ ഏറെ പഴികേട്ടതിനൊടുവിലാണ് പൊലീസ് കാര്യങ്ങളില്‍ ഉപദേശിക്കാനായി മുന്‍ ഡി.ജി.പിയെ മുഖ്യമന്ത്രി നിയമിച്ചത്. എന്നാല്‍ രമണ്‍ ശ്രീവാസ്തവയെ നിയമിച്ചതിനെതിരെ ആദ്യം മുതല്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ ഉപദേശിക്കാനെത്തിയ വ്യക്തിക്ക് ചീഫ് സെക്രട്ടറിക്ക് തത്തുല്യമായ റാങ്ക് നല്‍കിയതും. തുടര്‍ന്ന് പൊലീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നിടത്തോളം കാര്യങ്ങളെത്തി.