X

റമസാന്‍ വിസില്‍; ബുണ്ടസ് ലീഗില്‍ നോമ്പ് തുറക്കാന്‍ ഒരു മിനുട്ട് ബ്രേക്ക്

മ്യുണിച്ച്: ജര്‍മന്‍ ബുണ്ടസ്‌ലീഗില്‍ മെയിന്‍സും ഓഗസ്ബര്‍ഗും തമ്മിലുള്ള നിര്‍ണായക മല്‍സരം. 65-ാം മിനുട്ടില്‍ റഫറി മത്തിയാസ് ജോലന്‍ബെകിന്റെ വിസില്‍. കളിക്കാര്‍ പരസ്പരം നോക്കി… ഫൗളുകളോ സബ്‌സ്റ്റിറ്റിയൂഷനോ ഒന്നുമില്ല. പിന്നെയെന്തിനാണ് വിസില്‍… മെയിന്‍സ് താരം മൂസ നികാത്തേ ഗോള്‍ പോസ്റ്റിന് അരികിലേക്കോടുന്നു…. അവിടെ വെച്ച വെളമെടുത്ത് കുടിക്കുന്നു… പിന്നെ നേരേ ലൈന്‍ റഫറിയുടെ അരികിലേക്ക്. അദ്ദേഹത്തിന് നന്ദി പറഞ്ഞ് ഫ്രഞ്ചുകാരനായ ഡിഫന്‍ഡര്‍ വീണ്ടും മൈതാനത്തേക്ക്…. റമസാന്‍ മാസത്തില്‍ വ്രതമെടുത്തായിരുന്നു മൂസ മൈതാനത്തിറങ്ങിയത്.

വ്രതം അവസാനിപ്പിക്കാനായിരുന്നു ആ വിസില്‍. ബുണ്ടസ്‌ലീഗ് ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു താരത്തിന്റെ വ്രതം അവസാനിപ്പിക്കാനായി ഒരു മിനുട്ട് മല്‍സരം നിര്‍ത്തിയത്. താരത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചായിരുന്നു റഫറിയുടെ തീരുമാനം. മല്‍സരത്തില്‍ ഓഗസ്ബര്‍ഗ് 2-1 ന് മെയിന്‍സിനെ പരാജയപ്പെടുത്തി. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്ന പല ക്ലബുകളിലെയും മുസ്‌ലിം താരങ്ങള്‍ വ്രതമെടുത്താണ് കളത്തിലിറങ്ങുന്നത്. താരങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം മഗ്‌രിബ് ബാങ്ക് വേളയില്‍ അവര്‍ക്ക് വ്രതം അവസാനിപ്പിക്കാനും അവസരം നല്‍കുന്നു.

ബുണ്ടസ് ലീഗ് മല്‍സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മെിന്‍സ് പത്താം സ്ഥാനത്താണ്. 29 മല്‍സരങ്ങളില്‍ നിന്നായി അവര്‍ സമ്പാദിച്ചിരിക്കുന്നത് 38 പോയിന്റാണ്. ഓഗസ്ബര്‍ഗാവട്ടെ പതിനാലാം സ്ഥാനത്തും. അവരുടെ സമ്പാദ്യം 32. കരുത്തരായ ബയേണ്‍ മ്യുണിച്ച് തന്നെയാണ് ഒന്നാമത്. 29 മല്‍സരങ്ങളില്‍ നിന്നായി അവര്‍ നേടിയിരിക്കുന്നത് 69 പോയിന്റാണ്. അവസാന മല്‍സരത്തില്‍ സൂപ്പര്‍ താരം റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കിയുടെ പെനാല്‍ട്ടി ഗോളിനാണ് ബയേണ്‍ രക്ഷപ്പെട്ടത്. ബൊറൂഷ്യ ഡോര്‍ട്ടുമണ്ട് 60 ല്‍ രണ്ടാം സ്ഥാനത്തും ബയര്‍ ലെവര്‍കൂസണ്‍ 52 ല്‍ മൂന്നാമതും നില്‍ക്കുന്നു.

Test User: