റമസാന്‍ എന്ന പുണ്യം മനുഷ്യ ജീവിതത്തിലെ അസുലഭമായ കാലമാണെന്നും റമസാനില്‍ ജീവിക്കാനാവുക എന്നത് തന്നെ വിശ്വാസിക്ക് നേട്ടമാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റമസാന്‍ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തിലെ മനുഷ്യസഹജമായ വീഴ്ചകളില്‍നിന്നും തെറ്റുകളില്‍നിന്നും മുക്തി നേടാനുള്ള മാസമാണ് റമസാന്‍. പ്രവാചകന്‍ (സ) മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ റമസാനു വേണ്ടി ഒരുങ്ങുമായിരുന്നു. സ്രഷ്ടാവിന്റെ മാസം എന്നാണ് റമസാന്‍ അറിയപ്പെടുന്നത്. അല്ലാഹു വിശ്വാസികളോട് കാരുണ്യം ചൊരിയുന്ന മാസമാണിത്. പകല്‍ മുഴുവന്‍ ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കുകയും സ്വേച്ഛകളോട് പൊരുതുകയും ചെയ്ത് മനസ്സും ശരീരവും ശുദ്ധമാക്കാനുള്ള സമയമാണിത്. വിശുദ്ധ യുദ്ധങ്ങള്‍ ജയിച്ചു വരുന്ന അനുയായികളോട് ഏറ്റവും വലിയ യുദ്ധം സ്വേച്ഛകളോടുള്ള പോരാട്ടമാണെന്ന് പ്രവാചകന്‍ (സ) പറയുമായിരുന്നു. യഥാര്‍ത്ഥ യുദ്ധം സ്വന്തം ശരീരത്തിന്റെ ഇച്ഛകള്‍ക്കെതിരെയുള്ളതാണ്. സാദിഖലി തങ്ങള്‍ പറഞ്ഞു.
പരിപൂര്‍ണമായും സ്രഷ്ടവിലേക്ക് സമര്‍പ്പിക്കാനുള്ള മാസമാണിത്. സൂക്ഷ്മത പാലിക്കുന്നതിന് വേണ്ടിയാണ് വ്രതാനുഷ്ഠാനമെന്ന് അല്ലാഹു പറയുന്നു. ജീവിതത്തെ സൂക്ഷ്മ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഈ മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ നമുക്ക് സാധിക്കുന്നു. വരാനിരിക്കുന്ന മാസങ്ങളിലേക്ക് ഈ ആത്മവിശുദ്ധിയെ നിലനിര്‍ത്തണം. തിന്മകളില്‍നിന്ന് മനസ്സാ വാചാ കര്‍മണാ വിട്ടുനിന്നു കൊണ്ടും സഹജീവികളോടുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയും ഈ മാസത്തെ ഉപയോഗപ്പെടുത്തണം. അവനവനെ അറിയുക എന്നതാണ് ഏറ്റവും വലിയ അറിവ്. അവനവനെ അറിയുന്നവന് സ്രഷ്ടാവിനെയും സമൂഹത്തെയും അറിയാന്‍ സാധിക്കും. സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാനും ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കാനും ഈ മാസം ഉപയോഗപ്പെടുത്തണം. നന്മകള്‍ക്ക് ഇരട്ടിയിരട്ടി പ്രതിഫലമാണ് ഈ മാസം അല്ലാഹു വിശ്വാസിക്ക് നല്‍കുന്നത്. സന്തോഷത്തോടെ വ്രതാനുഷ്ഠാനം നടത്താനും സമയം കൊല്ലുന്ന മേഖലകളില്‍നിന്ന് മാറിനിന്ന് ആരാധനകളില്‍ മുഴുകാനും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.