X

വിശ്രമമല്ല, പരിശ്രമമാണ് റമസാന്‍- റാശിദ് ഗസ്സാലി

റാശിദ് ഗസ്സാലി

വിശുദ്ധ റമസാന്‍ പലരുടെയും കാഴ്ചപ്പാടില്‍ വിശ്രമത്തിന്റെ മാസമാണ്. ജോലികളും ഉത്തരവാദിത്തങ്ങളുമൊക്കെ മാറ്റിവെച്ച് പകലില്‍ അധിക സമയവും ഉറങ്ങിയും വിശ്രമിച്ചും ക്ഷീണമറിയാതെ വൈകുന്നേരമാക്കുക ഒരു സാധാരണ ശീലമാണ്. നോമ്പിന്റെ യഥാര്‍ഥ ചൈതന്യത്തിനെതിരാണ് ഇത്.

ആരാധനകള്‍ അധികരിപ്പിക്കുക എന്ന മഹത്തായ ലക്ഷ്യം പോലെ തന്നെ പ്രധാനമാണ് പകല്‍ കഴിയാവുന്നത്രയും അധ്വാനിക്കുക എന്ന് പറയുന്നതും. നിത്യവൃത്തിക്ക് വേണ്ടിയുള്ള ബദ്ധപ്പാടിനിടയിലും നോമ്പുകാരനായി ക്ഷമയോടെ വര്‍ത്തിച്ച് വിശപ്പിന്റെ കാഠിന്യവും ക്ഷീണവും അലട്ടുമ്പോഴും ദൈവിക പ്രതിഫലത്തിന്റെ സന്തോഷത്തില്‍ കഴിയുമ്പോഴാണ് റമസാന്‍ ത്യാഗത്തിന്റെയും സഹനത്തിന്റെയും കര്‍മത്തിന്റെയുമൊക്കെയായി മാറുന്നത്. ബദ്ര്‍ ഉള്‍പ്പെടെയുള്ള പോരാട്ടങ്ങള്‍ക്ക്‌പോലും റമസാനും വ്രതാനുഷ്ഠാനവും തടസ്സമായിരുന്നില്ല എന്നോര്‍ക്കണം.

എന്നാല്‍ ഇന്ന് ശീതീകരിച്ച മുറികളില്‍ മാറി മാറി വിശ്രമിക്കുകയും സമയം പോകാന്‍ മൊബൈലും സോഷ്യല്‍മീഡിയയും ആശ്രയിച്ചിരിക്കുകയും ചെയ്യുന്നവര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താറുകളുടെ ക്ഷീണം മാത്രമാണുണ്ടാകാനിടയുള്ളൂ.

പൊതുപ്രവര്‍ത്തകന്റെ സേവനവും കച്ചവടക്കാരന്റെ കച്ചവടവും കര്‍ഷകന്റെ കൃഷിയും തുടങ്ങി സാധ്യമാകുന്നവരെല്ലാം കര്‍മനിരതരായിരിക്കണം റമസാനില്‍. എന്നിട്ട് പകലില്‍ നോമ്പും രാത്രിയില്‍ നീണ്ട പ്രാര്‍ഥനകളുമൊക്കെയായി സജീവമാകുകയും ചെയ്യുകയാണ് വിവേകികളുടെ ശീലം.

റമസാനിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്നായി പ്രവാചകന്‍ പരിചയപ്പെടുത്തുന്നത് ക്ഷമാശീലമാണ്. സഹജീവികളോടുള്ള പെരുമാറ്റത്തില്‍ മാത്രമല്ല താന്‍ അനുഭവിക്കുന്ന അസൗകര്യങ്ങളിലും പരിമിതികളിലുമെല്ലാം ദൈവിക പ്രീതി കൊതിച്ച് ക്ഷമിച്ചു മുന്നേറുക എന്നതാണ് നമ്മുടെ ധര്‍മ്മം.

അവശതയനുഭവിക്കുന്നവന്റെ വേദനയും അധ്വാനിക്കുന്നവന്റെ ത്യാഗവും വിശപ്പ് സഹിക്കുന്നവന്റെ കഷ്ടപ്പാടും സുഖാനുഭവങ്ങള്‍ വേണ്ടെന്നു വെക്കുന്നവന്റെ ആത്മീയ ഉണര്‍വും ഒരുപോലെ അനുഭവിക്കാന്‍ ഇടമൊരുക്കുകയാണ് വിശുദ്ധ റമസാന്‍. ആത്മീയ വഴിയില്‍ വെളിച്ചം കണ്ടെത്തിയവരെല്ലാം വിശ്രമമില്ലാതെ പരിശ്രമിക്കുകയായിരുന്നു റമസാനില്‍. പ്രാര്‍ഥനയിലും പ്രവര്‍ത്തനത്തിലും അതിരുകളില്ലാതെ മുഴുകുന്ന ഒരു അസാധാരണ കാലമായിരുന്നു അവര്‍ക്ക് റമസാന്‍.

പകല്‍ മുഴുവന്‍ സാധ്യമാകുന്ന സുകൃതങ്ങള്‍ സര്‍വതും ചെയ്ത് ഇന്നലയോട് മത്സരിക്കുന്ന ഇന്ന് എന്ന രീതിയില്‍ മെച്ചപ്പെടുത്തികൊണ്ടേയിരിക്കേണ്ട വസന്തങ്ങളുടെ സുവര്‍ണ കാലമാണിത്. സമയം കളയുന്ന ഒന്നിലും ഈ പുണ്യ കാലത്തെ ഒരു നിമിഷം പോലും പാഴാക്കരുത്. ചെയ്യുന്ന കര്‍മങ്ങള്‍ക്കും, നന്മ ചെയ്യണമെന്ന ചിന്തകള്‍ക്കു പോലും പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമസാനില്‍ പുണ്യങ്ങള്‍ കൊയ്‌തെടുക്കുന്നവരാകണം നാം.

Test User: