ഡല്‍ഹി: 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി മോദിയെ അവതരിപ്പിച്ചത് മന്‍മോഹന്‍ സിങിനെക്കാളും ശക്തനും കരുത്തനുമായ പ്രധാനമന്ത്രിയെയാണ് മോദിയുടെ വിജയത്തിലൂടെ ലഭിക്കുക എന്നായിരുന്നു. എന്നാല്‍ മോദി പറഞ്ഞു നടന്ന ഈ ശക്തിയുടെ പ്രതിച്ഛായ ആറ് വര്‍ഷക്കാലം ഒരു പ്രധാനമന്ത്രിയെന്ന നിലയിലിരിക്കുമ്പോള്‍ തന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ സഹായിച്ചുട്ടുണ്ടോ എന്ന് പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ ചോദിച്ചു.
രാജ്യം ഇന്ന് കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ വിലയിരുത്തുമ്പോള്‍ മോദിയും ബിജെപിയും മുന്നോട്ടുവെച്ച വാദം ശരിയാണെന്ന് തെളിയിക്കാന്‍കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 56 ഇഞ്ച് നെഞ്ചളവ് തന്റെ യോഗ്യതയായി അവകാശപ്പെടുന്ന മോദി എന്തുകൊണ്ടാണ് എഴുതി തയ്യാറാക്കാത്ത പത്രസമ്മേളനങ്ങള്‍ അഭിമുഖീകരിക്കാന്‍ ഇത്ര ഭയക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒരുപക്ഷേ തന്റെ പാര്‍ട്ടിയുടെയും മന്ത്രിസഭയുടെയും സര്‍ക്കാറിന്റെയും പശ്ചാത്തലത്തില്‍ മാത്രം മോദി ശക്തനായിരിക്കാമെന്നും കാരണം മോദിയുടെ ഇഷ്ടം മാത്രമേ അവിടെ വിജയിക്കൂവെന്നും രാമചന്ദ്ര ഗുഹ പറഞ്ഞു.മോദി സര്‍ക്കാരിന്റെ ആദ്യ തവണ മന്ത്രിസഭയിലെ ഒരു മന്ത്രിക്ക് പോലും തങ്ങളുടെ വകുപ്പ് ഭരിക്കാനോ തീരുമാനമെടുക്കാനോ അവസരം കിട്ടിയിരുന്നില്ലെന്നും രണ്ടാം തവണ അധികാരത്തിലെത്തിയപ്പോഴാണ് ആഭ്യന്തര മന്ത്രിക്ക് ഭാഗികമായെങ്കിലും തീരുമാനമെടുക്കാനുള്ള അവസരം കിട്ടിയതെന്നും ഗുഹ ചൂണ്ടിക്കാട്ടി.