ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാര്‍ട്ടി എന്‍.ഡി.എ വിടാനൊരുങ്ങുന്നു. അടുത്തിടെ മോദി മന്ത്രിസഭയില്‍ നിന്ന് രാജിവെച്ച ഉപേന്ദ്ര കുശ്‌വാഹ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറിയ പാര്‍ട്ടികളെ ഇല്ലാതാക്കുക എന്നതാണ് എന്‍.ഡി.എയുടെ നയം. എല്‍.ജെ.പിക്കും ബി.ജെ.പിയുടെ ലക്ഷ്യം ബോധ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ബീഹാറില്‍ മഹാസഖ്യത്തോടൊപ്പം ചേരുമെന്നും കുശ്‌വാഹ വ്യക്തമാക്കി. മൂന്ന് സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്ന് ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസ് നേതൃത്വത്തേയും രാഹുല്‍ ഗാന്ധിയേയും അദ്ദേഹം അഭിനന്ദിച്ചു. രാഹുല്‍ പക്വതയുള്ള നേതാവായി മാറി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദിക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്ത് രാഹുല്‍ ഗാന്ധിയെത്തുമെന്നും കുശ്‌വാഹ പറഞ്ഞു.
മോദി സര്‍ക്കാരിന്റെ നാലര വര്‍ഷത്തെ ഭരണത്തേയും ഉപേന്ദ്ര കുശ്‌വാഹ കുറ്റപ്പെടുത്തി. മോദി സര്‍ക്കാരിന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ജനങ്ങളെ മുഴുവന്‍ നിരാശയിലാക്കിയാണ് ഭരണം അവസാനിക്കുന്നത്. കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. യുവാക്കള്‍ക്ക് തൊഴിലില്ലായ്മ കാരണം കഷ്ടപ്പെടുന്നു. അതിനാല്‍ രാജ്യത്ത് ഒരു മാറ്റം അനിവാര്യമാണെന്നും കുശ്‌വാഹ വ്യക്തമാക്കി.