X

സുപ്രീം കോടതിയും രാജ്യവും ഞങ്ങളുടേത്: രാമക്ഷേത്രം നിര്‍മിക്കുമെന്ന് യു.പി ബി.ജെ.പി മന്ത്രി

ലക്‌നോ: സുപ്രീം കോടതിയേയും രാമക്ഷേത്രത്തേയും ബന്ധപ്പെടുത്തി വിവാദ പ്രസ്താവനയുമായി യു.പി മന്ത്രി. സുപ്രീം കോടതി തങ്ങളുടേതായതിനാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു ഉത്തര്‍ പ്രദേശ് സഹകരണ വകുപ്പ് മന്ത്രി മുകുത് ബിഹാരി വര്‍മയുടെ വിവാദ പ്രസ്താവന. ബി.ജെ.പിയുടെ ദീര്‍ഘനാളായുള്ള രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇത്തരത്തില്‍ മറുപടി നല്‍കിയത്.

ബി.ജെ.പി അധികാരത്തിലെത്തിയത് ക്ഷേത്ര വിഷയം ഉന്നയിച്ചുകൊണ്ടാണ്. ബി.ജെ.പി വികസന വിഷയവും ഉന്നയിച്ചിട്ടുണ്ട്. ക്ഷേത്രം ഇപ്പോഴും തങ്ങളുടെ ലക്ഷ്യമാണ്, അത് ഉണ്ടാക്കുക തന്നെ ചെയ്യും ഇക്കാര്യത്തില്‍ പാര്‍ട്ടി വിട്ടു വീഴ്ച ചെയ്യില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം ബാബരി മസ്ജിദ്-രാമക്ഷേത്രം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിധിയിലായതിനാല്‍ എങ്ങനെ ക്ഷേത്ര നിര്‍മാണം നടക്കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സുപ്രീം കോടതി ഞങ്ങളുടേതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സുപ്രീം കോടിയുടെ നിയമവും ഞങ്ങളുടേതാണ്. രാജ്യവും ക്ഷേത്രവും ഞങ്ങളുടേതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസ്താവന വിവാദമായതോടെ തന്റെ പ്രസ്താവന സാഹചര്യത്തില്‍ നിന്നും അടര്‍ത്തി മാറ്റിയാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന വാദവുമായി സഹകരണ മന്ത്രി വര്‍മ രംഗത്തെത്തി. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും രാജ്യം തങ്ങളുടേതാണെങ്കില്‍ സുപ്രീം കോടതിയും തങ്ങളുടേതാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

chandrika: