ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റി കാമ്പസില്‍ എ.ബി.വി.പിക്കാര്‍ രാമക്ഷേത്രം നിര്‍മിച്ചത് വിവാദമാകുന്നു. കാമ്പസിനകത്ത് കൂട്ടിയിട്ടിരുന്ന കല്ലുകള്‍ രാമനവമി ദിനത്തില്‍ ക്ഷേത്രത്തിന് സമാനമായി രൂപമാറ്റം വരുത്തിയെന്നാണ് റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലിന്റെ എതിര്‍വശത്താണ് കല്ലുകള്‍ ക്ഷേത്രമാക്കി ഓറഞ്ചും ചുവപ്പും പെയിന്റടിച്ചത്. ഇതിന്റെ ഉള്ളില്‍ രാമന്റേയും ഹനുമാന്റേയും ചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇരുവശത്തും കാവി നിറത്തിലുള്ള പതാക വെക്കുകയും പ്രത്യേക പൂജകള്‍ നടത്തിയതായും മറ്റു വിദ്യാര്‍ഥികള്‍ പറഞ്ഞു.
കാമ്പസിനെ കാവിവല്‍ക്കരിക്കാനും വിദ്യാര്‍ഥികളില്‍ ഹിന്ദുത്വം കുത്തിവെക്കാനുമുള്ള നീക്കമാണിതെന്ന് ആരോപണമുയര്‍ന്നു. കാമ്പസില്‍ സമീപകാലത്ത് ഇത്തരം നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് സ്റ്റുഡന്റ്‌സ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ കണ്‍വീനറുമായ ഗോപി സ്വാമി പറഞ്ഞു. പുതുതായി പ്രവേശനം നേടിയ വിദ്യാര്‍ഥികളില്‍ വര്‍ഗീയ വിദ്വേഷം പടര്‍ത്താന്‍ എ.ബി.വി.പി ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാമനവമിയെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഒരു ശിലാനിര്‍മിതിയെ രാമക്ഷേത്രമാക്കി മാറ്റിയതെന്നും അവ നീക്കം ചെയ്യാന്‍ അധികൃതര്‍ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍വകലാശാല വക്താവ് പ്രൊഫ. കാഞ്ചന്‍ മാലിക് പറഞ്ഞു. കാമ്പസിലെ ഗുരുബക്ഷ് സിങ് മൈതാനിയില്‍ രാമനവമി ദിനത്തില്‍ എ.ബി.വി. പി പൂജ സംഘടിപ്പിച്ചിരുന്നു. വൈസ് ചാന്‍സലര്‍ ബി.ജെ റാവു പൂജയില്‍ പങ്കെടുത്തതും വിവാദമായിട്ടുണ്ട്. കലാലയങ്ങളിലെ സമാധാനം തകര്‍ക്കാന്‍ ഹിന്ദുത്വ സംഘടനകളുടെ നീക്കമാണിതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.