X

രാമക്ഷേത്ര നിര്‍മാണ പ്രതിജ്ഞയുമായി മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍

ലക്‌നോ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന പ്രതിജ്ഞയുമായി യു.പിയിലെ മുതിര്‍ന്ന ഐ. പി. എസ് ഉദ്യോഗസ്ഥന്‍ പൊതു വേദിയിലെത്തിയത് വിവാദത്തില്‍. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറില്‍ ഹോംഗാര്‍ഡിന്റെ ഡയരക്ടര്‍ ജനറലായ മുതിര്‍ന്ന ഐ.പി.സ് ഉദ്യോഗസ്ഥന്‍ സൂര്യകുമാര്‍ ശുക്ലയാണ് ലക്‌നോ യൂണിവേഴ്‌സിറ്റിയില്‍ രാമക്ഷേത്ര നിര്‍മാണ പ്രതിജ്ഞയുമായി മുസ്്‌ലിം കര്‍സേവക് മഞ്ചിന്റെ പരിപാടിയില്‍ പങ്കെടുത്തത്.

1982 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ശുക്ല വേദിയില്‍ ജയ.് ശ്രീരാം എന്ന് വിളിച്ചു പറയുന്ന വീഡിയോ പുറത്തു വന്നതോടെയാണ് സംഭവം വിവാദത്തിലായത്. രാമ ഭക്തരായ ഞങ്ങള്‍ രാമക്ഷേത്രം നേരത്തെയാക്കണമെന്ന് പ്രതിജ്ഞ ചെയ്യുന്നുവെന്നും ജയ് ശ്രീരാം എന്നുമാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്ത് ക്രമസമാധാന നില പാലിക്കാന്‍ ബാധ്യസ്ഥനായ ഉദ്യോഗസ്ഥന്‍ ഇത്തരം പരിപാടിയില്‍ പങ്കെടുത്തത് സര്‍വീസ് ചട്ടത്തിന്റെ ലംഘനമാണെന്നും അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് സുബോധ് ശ്രീവാസ്തവ ആവശ്യപ്പെട്ടു.

അതേ സമയം തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണ് ശുക്ലയുടെ വാദം. സംസ്ഥാന ഡി.ജി.പി സ്ഥാനത്തേക്ക് യോഗി സര്‍ക്കാര്‍ നേരത്തെ പരിഗണിച്ചിരുന്നയാളാണ് സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനായ ശുക്ല.

അയോധ്യ കേസില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് അന്തിമവാദം തുടങ്ങാനിരിക്കെയാണ് വിവാദ വീഡിയോ പ്രചരിച്ചിട്ടുള്ളത്.

chandrika: