കൊല്‍ക്കത്ത: രാം നവമി ആഘോഷത്തോടനുബന്ധിച്ച് മകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പിതാവും സ്ഥലത്തെ ഇമാമുമായ മൗലാനാ ഇംദാദുള്‍ റശീദി. തന്റെ മകന്റെ മരണത്തിനു നിങ്ങള്‍ പ്രതികാരം ചെയ്യുകയാണെങ്കില്‍ താന്‍ നാടുവിട്ടുപോകുമെന്ന് അദ്ദേഹം നാട്ടുകാരോട് പറഞ്ഞു. ബംഗാളിലെ അസനോളിലാണ് രാം നവമി ആഘോഷത്തോടനുബന്ധിച്ച് സംഘപരിവാര്‍ നടത്തിയ ആക്രമണത്തില്‍ 16 -കാരനായ സിബത്തുള്ള റശീദി കൊല്ലപ്പെടുന്നത്.
മകന്റെ മരണത്തിനു നിങ്ങള്‍ പ്രതികാരം ചെയ്യുക ആണെങ്കില്‍ ഞാന്‍ ഈ നാടും പള്ളിയും വിട്ടുപോവും. എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ ഒരു വിരല്‍ പോലും ഉയര്‍ത്താതിരിക്കുകയാണ് വേണ്ടതെന്ന് റശീദി പറഞ്ഞു. ആയിരക്കണക്കിനാളുകളാണ് സിബത്തുള്ളയുടെ മരണവാര്‍ത്ത അറിഞ്ഞ് സംഘടിച്ചുനിന്നത്. ഈ സാഹചര്യത്തിലാണ് ഇനിയൊരു അക്രമത്തിന് ഇടവരുത്താതെ റശീദി സമാധാനത്തിനായി നില കൊണ്ടത്.
‘ഞാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്റെ മകന്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. ഇനിയൊരു കുടുംബത്തിന്റേയും സ്‌നേഹനിധികളായ മക്കളെ നഷ്ടപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഇനിയും വീടുകള്‍ കത്തിനശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ മകന്റെ മരണത്തിനു നിങ്ങള്‍ പ്രതികാരം ചെയ്യുക ആണെങ്കില്‍ ഞാന്‍ ഈ നാടും പള്ളിയും വിട്ടുപോവും. എന്നോട് സ്‌നേഹം ഉണ്ടെങ്കില്‍ ഒരു വിരല്‍ പോലും ഉയര്‍ത്താതിരിക്കുക’; റശീദി പറഞ്ഞു.
കഴിഞ്ഞ 30 വര്‍ഷമായി അസനോളിലെ നൂറാനി പള്ളിയിലെ ഇമാമാണ് ഞാന്‍. ജനങ്ങള്‍ക്ക് ശരിയായ സന്ദേശം നല്‍കലാണ് എന്റെ പ്രാധാന്യം. സമാധാനത്തിന്റെ സന്ദേശം. എന്റെ വ്യക്തിപരമായ നഷ്ടത്തേക്കാള്‍ അതാണ് ചെയ്യേണ്ടത്. ഇവിടുത്തെ ജനങ്ങള്‍ സംഘര്‍ഷങ്ങള്‍ നടത്തുന്നില്ല. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇംദാദുല്‍ റശീദി കൂട്ടിച്ചേര്‍ത്തു.
10-ാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു കൊല്ലപ്പെട്ട സിബത്തുള്ള റശീദി. രാം നവമി ആഘോഷത്തോടനുബന്ധിച്ചുള്ള സംഘ്പരിവാര്‍ സംഘര്‍ഷത്തെ തൊട്ട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച മുതല്‍ കാണാതായ സിബത്തുള്ളയെ പിറ്റേ ദിവസമാണ് കണ്ടെത്തുന്നത്. പൊലീസ് തിരിച്ചറിഞ്ഞ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അസനോളിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സംഘ്പരിവാറുകള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു സിബത്തുള്ളയെ. ഒരു കൂട്ടം ആളുകള്‍ സിബത്തുള്ളയെ തട്ടിക്കൊണ്ടുപോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.