ന്യൂഡല്‍ഹി: രാം നവമി,ഹനുമാന്‍ ജയന്തി ആഘോഷങ്ങളുടെ മറവില്‍ ഉത്തരേന്ത്യയില്‍ നടക്കുന്ന സംഘ് പരിവാര്‍ അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ജാഗ്രതാ സദസ് സംഘടിപ്പിച്ചു. സുന്ദര്‍ നഗരി ദില്‍ഷാദ് ഗാര്‍ഡനില്‍ നടന്ന പ്രതിഷേധം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ: വി കെ ഫൈസല്‍ ബാബു ഉദ്ഘാടനം ചെയ്തു. രാം നവമി ആഘോഷങ്ങളുടെ മറവില്‍ നടക്കുന്ന അക്രമണങ്ങള്‍ക്ക് വംശീയ വേട്ടയുടെ സ്വഭാവമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അക്രമങ്ങള്‍ക്ക് പിന്നില്‍ ഗൂഡാലോചനയുണ്ട്. മധ്യപ്രദേശിലെ കാര്‍ഗോവില്‍ മുസ്ലിംകളുടെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കെട്ടിടങ്ങളും വീടുകളും ജില്ലാ ഭരണകൂടം തന്നെ തകര്‍ത്തു കളഞ്ഞ സംഭവം ഗൗരവതരമാണ്.നിമ വാഴ്ചയെ മത വര്‍ഗീയത അട്ടിമറിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധമുയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹിയിലെ ജഹാംഗീര്‍ പുരിയില്‍ ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് പൊട്ടിപ്പുറപ്പെട്ട സംഘ് പരിവാര്‍ അതിക്രമങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരുന്നു യൂത്ത് ലീഗ് പ്രതിഷേധം. അടിയന്തിരമായി സമാധാനം പുനസ്ഥാപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.
ഡല്‍ഹി സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷഹസാദ് അബ്ബാസി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സുന്ദര്‍ നഗരി നിയോജക മണ്ഡലം സെക്രട്ടറി മഅറൂഫ് അഹമ്മദ് സ്വാഗതം പറഞ്ഞു. ദേശീയ എക്‌സിക്യൂട്ടീവ് അംഗം അഡ്വ: മര്‍സൂഖ് ബാഫഖി, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട് ഷഹാബുദീന്‍, വൈസ് പ്രസിഡണ്ട് ഇഖ്‌റാം ഖാന്‍,വനിതാ ലീഗ് വാര്‍ഡ് പ്രസിഡണ്ട് റൈഹാന ദില്‍ഷാദ്, വൈസ് പ്രസിഡണ്ട് മുംതാസ് ഖാല, മുഹമ്മദ് അര്‍മാന്‍ എന്നിവര്‍ സംസാരിച്ചു.