X
    Categories: MoreViews

രാംനാഥ് കോവിന്ദ് ഇന്ത്യന്‍ രാഷ്ട്രപതി

ന്യൂഡല്‍ഹി: രാംനാഥ് കോവിന്ദിനെ ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. 65.65 ശതമാനം വോട്ടുകള്‍ നേടിയാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനത്തേക്കെത്തിയത്. രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയായി തെരഞ്ഞെടുത്തുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടക്കുകയാണ്. രാഷ്ട്രപതിയായി അദ്ദേഹം ചൊവ്വാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള വിജയം ഏകദേശം ഉറപ്പിച്ചനിലയിലായിരുന്നു. പാതി സംസ്ഥാനങ്ങളിലേയും രാജ്യസഭ-ലോക്‌സഭ എം.പിമാരുടേയും വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ വിജയിക്കാനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചിരുന്നു. 34.35 ശതമാനം വോട്ടുകള്‍ മീരാകുമാറിന് ലഭിച്ചിട്ടുണ്ട്. വിജയമുറപ്പിച്ചതോടെ നിരവധി നേതാക്കള്‍ അദ്ദേഹത്തിന് അഭിനന്ദനമറിയിക്കാന്‍ രംഗത്തെത്തി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതബാനര്‍ജിയടക്കമുള്ള നേതാക്കള്‍ രാംനാഥിനെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

അതേസമയം, ഗോവയിലും ഗുജറാത്തിലും കോണ്‍ഗ്രസിന്റെ വോട്ട് ചോരുകയാണുണ്ടായത്. ഗുജറാത്തില്‍ 60 ല്‍ 49ഉം, ഗോവയില്‍ 17 ല്‍ 11ഉം.എല്‍.എമാരുടെ വോട്ട് മാത്രമാണ് മീരാകുമാറിന് ലഭിച്ചത്. 21 എം.പിമാരുടെയും 16 എം.എല്‍.എമാരുടെയും ഉള്‍പ്പെടെ 37 വോട്ടുകള്‍ അസാധുവായി.

chandrika: