കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഗൂഡാലോചന ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ദിലീപിനെതിരെ തെളിവുകളൊന്നുമില്ലന്നാണ് പ്രതിഭാഗത്തിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാനരഹിതമാണെന്നും അറസ്റ്റ് തന്നെ സംശയത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഹര്‍ജിയില്‍ പറയുന്നു.
മുഖ്യമന്ത്രി തന്നെ ഗൂഡാലോചനയില്ലെന്ന് വെളിപ്പെടുത്തിയ കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ ഫോണും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ളത്. 19 തെളിവുകളില്‍ എട്ടെണ്ണം മറ്റുള്ളവരുമായി ബന്ധപ്പെടുത്തിയുള്ളതാണ്. അതിനാല്‍ ദിലീപിന് ജാമ്യം നല്‍കണമെന്നാണ് ജാമ്യപേക്ഷയിലെ വാദം. ഇന്നു തന്നെ വാദം കേള്‍ക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. അങ്കമാലി മജിസ്‌ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്നുച്ചയ്ക്ക് 1.45 ന് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും.
മജിസ്‌ട്രേട്ട് കോടതി ജാമ്യം നിഷേധിച്ചാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാമെങ്കിലും ഹൈക്കോടതിയെ നേരിട്ടു സമീപിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന് (പള്‍സര്‍ സുനി) ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറാന്‍ ശ്രമിച്ചതായി പൊലീസ് കരുതുന്ന അപ്പുണ്ണിയെ (സുനില്‍രാജ്) പൊലീസ് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് തന്നെ ജാമ്യം നേടണമെന്ന് ദിലീപിനു നിയമോപദേശം ലഭിച്ചിരുന്നു.
അതേസമയം, ദിലീപ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയാലും അത് എതിര്‍ക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് ഡയറിയുള്‍പ്പെടെയുള്ളവ ഹാജരാക്കി റിമാന്‍!ഡ് കാലാവധി നീട്ടുന്നതിനാണ് പ്രോസിക്യൂഷന്‍ ശ്രമം. ജാമ്യം ലഭിച്ചാല്‍ അക്രമം നേരിട്ട നടിയെ അധിക്ഷേപിക്കാന്‍ ദിലീപ് വീണ്ടും ശ്രമിച്ചേക്കുമെന്നാണ് പൊലീസിന്റെ പ്രധാന വാദം. കൂടാതെ, സമൂഹമാധ്യമങ്ങളില്‍ നടന്ന ദിലീപ് അനുകൂല പ്രചാരണം സജീവമാണെന്നും ദിലീപിന്രെ സ്വാധീനത്തിന്റെ തെളിവാണിതെന്നും പ്രോസിക്യൂഷന്‍ വാദിക്കും.
ഉന്നത സ്വാധീനമുള്ള ദിലീപിനെ ജാമ്യത്തില്‍ വിട്ടാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും ഇരയ്ക്ക് അത് ഭീഷണിയാവുമെന്നായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് കീഴ്‌ക്കോടതിയില്‍ പ്രോസിക്യുഷന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചാണ് കീഴ്‌ക്കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്.