ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തന്റെ ഫീസടയ്ക്കാന്‍ പണമില്ലെങ്കില്‍ സൗജന്യമായി വാദിക്കാമെന്ന് പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ രാം ജത്മലാനി. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ ക്രിമിനല്‍, സിവില്‍ മാനനഷ്ട കേസുകള്‍ വാദിക്കുന്നതിന് ചിലവായ ഫീസ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടയ്ക്കാന്‍ ആവശ്യപ്പെട്ട കേജ് രിവാളിന്റെ നടപടി വിവാദമായ സാഹചര്യത്തിലാണ് രാം ജത്മലാനിയുടെ പ്രസ്താവന.
ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ അഭിഭാഷകന്റെ ഫീസായ 3.8 കോടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും അനുവദിക്കണമെന്ന് കെജ്രിവാള്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷം ആരോപണമുര്‍ത്തിയിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഡല്‍ഹി മുഖ്യമന്ത്രി നികുതി വരുമാനത്തില്‍ നിന്നും ചലവഴിക്കുകയാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്.
അതേസമയം, തനിക്ക് കെജ്രിവാള്‍ 3.8 കോടി രൂപ ഫീസ് നല്‍കാനുണ്ടെന്ന ആരോപണത്തിന് കടുത്ത മറുപടിയുമായാണ് പ്രമുഖ അഭിഭാഷകന്‍ രംഗത്തെത്തിയത്. പ്രതിപക്ഷ വിമര്‍ശനം തന്റെ വാദങ്ങളെ ഭയക്കുന്ന കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇളക്കി വിട്ടതാണെന്ന് പറഞ്ഞ രാം ജത്മലാനി, ഫീസ് വഹിക്കാന്‍ കഴിയില്ലെങ്കില്‍ കെജ്‌രിവാളിന് വേണ്ടി വാദിക്കാന്‍ പണം ആവശ്യപ്പെടില്ലെന്ന് വ്യക്തമാക്കി.
പണം ഉള്ളവരില്‍ നിന്ന് മാത്രമാണ് ഞാന്‍ ഫീസ് ഈടാക്കുന്നത്. സാധാരണ ജനങ്ങളുടെ നികുതി പണത്തില്‍ നിന്നും കെജ്രിവാള്‍ തനിക്ക് ഫീസ് നല്‍കേണ്ടതില്ല. ഡല്‍ഹി സര്‍ക്കാരിന് പണം നല്‍കാന്‍ സാധിക്കില്ലെങ്കില്‍ ഞാന്‍ സൗജന്യമായി വാദിക്കാം. കേജ്‌രിവാളിനെ ഒരു പാവപ്പെട്ട ഇടപാടുകാരനായി കണക്കാക്കിക്കൊള്ളാമെന്നും പാവങ്ങള്‍ക്ക് വേണ്ടി സൗജന്യമായി വാദിക്കാന്‍ താന്‍ തയാറാണും ജത്മലാനി കൂട്ടിച്ചേര്‍ത്തു.
നേരത്തെ കേസ് വാദിച്ചതിന് 3.8 കോടി രൂപയുടെ ബില്‍ അദ്ദേഹം കേജ്‌രിവാളിന് നല്‍കിയിരുന്നു. ഒരു സിറ്റിങ്ങിനായി 22 ലക്ഷം വീതവും ജൂനിയര്‍ വക്കീലന്മാര്‍ക്കായി ഒരു കോടിയുടെയും ബില്ലാണ് അദ്ദേഹം സമര്‍പ്പിച്ചത്.