ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തെ തഴഞ്ഞ് ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ രാം ജഠ്മലാനി സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയുടേത് ‘ഭരണഘടനാ പദവിയുടെ നഗ്നമായ ദുര്‍വിനിയോഗ’മാണെന്നു ചൂണ്ടിക്കാട്ടിയാണ് 94-കാരനായ ജഠ്മലാനി പരമോന്നത കോടതിയെ സമീപിച്ചത്. ബി.എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിച്ച മൂന്നംഗ പ്രത്യേക ബെഞ്ചിന്റെ നടപടിയെപ്പറ്റി ഉടന്‍ വാദംകേള്‍ക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ജഠ്മലാനിയുടെ ഹര്‍ജി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് പരിഗണിച്ചു.
കര്‍ണാടക ഗവര്‍ണറുടെ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി നല്‍കിയ ഹര്‍ജി അര്‍ധരാത്രി പരിഗണിച്ച ജസ്റ്റിസ് എ.കെ സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുന്നാകെ സബ്മിഷന്‍ ഉന്നയിക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജഠ്മലാനിയോട് ആവശ്യപ്പെട്ടു. ജെ.ഡി.എസ്സും കോണ്‍ഗ്രസും നല്‍കിയ പരാതിയില്‍ ഈ മൂന്നംഗ ബെഞ്ച് നാളെ (വെള്ളിയാഴ്ച) വാദം കേള്‍ക്കാനിരിക്കുകയാണ്.
‘ഗവര്‍ണറുടെ ഉത്തരവ് ഭരണഘടനാ പദവിയുടെ നഗ്നമായ ദുരുപയോഗമാണ്. താന്‍ വഹിക്കുന്ന ഭരണഘടനാ സ്ഥാനത്തെ അവമതിക്കുകയാണ് ഗവര്‍ണര്‍ ചെയ്തിരിക്കുന്നത്.’ ജഠ്മലാനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും പാര്‍ട്ടിക്കു വേണ്ടിയല്ല താന്‍ കോടതിയെ സമീപിച്ചതെന്നും ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധമായ നടപടിയില്‍ വേദനിച്ചു കൊണ്ടുള്ളതാണ് തന്റെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പു ഫലം പുറത്തുവന്ന കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് തെരഞ്ഞെടുപ്പനന്തര സഖ്യത്തിന് 118 എം.എല്‍.എമാരുടെ പിന്തുണ ഉണ്ടായിരിക്കെ വെറും 104 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതാണ് വിവാദമായിരിക്കുന്നത്. ആര്‍.എസ്.എസ്സിലൂടെ രാഷ്ട്രീയ കരിയര്‍ ആരംഭിച്ച ഗവര്‍ണര്‍ വാജുഭായ് വാല, ബി.ജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കുകയാണ് ചെയ്യുന്നത് എന്നാണ് ആരോപിക്കപ്പെടുന്നത്.