X

പാരിസില്‍ നെതന്യാഹുവിനെതിരെ പ്രതിഷേധ റാലി

 

പാരിസ്: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ പാരിസില്‍ പ്രതിഷേധ റാലി. യൂറോപ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഫ്രഞ്ച് തലസ്ഥാന നഗരിയിലെത്തിയപ്പോഴാണ് നെതന്യാഹുവിന് പ്രക്ഷോഭകരെ നേരിടേണ്ടിവന്നത്.
നെതന്യാഹുവിനെതിരെ യുദ്ധകുറ്റകൃത്യത്തിന് കേസെടുത്ത് വിചാരണ ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം നിരായുധരായ നൂറിലേറെ ഫലസ്തീനികളെ വെടിവെച്ചു കൊലപ്പെടുത്തിയ ഇസ്രാഈല്‍ ധിക്കാരത്തിനെതിരെ നെതന്യാഹുവിനെയും ലോകത്തെയും പ്രതിഷേധം അറിയിക്കാനാണ് റാലിയെന്ന് പത്തൊമ്പതുകാരനായ വിദ്യാര്‍ത്ഥി പറഞ്ഞു. ഇറാനെതിരെയുള്ള നീക്കത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പിന്തുണ ആര്‍ജിക്കാനും ഫ്രഞ്ച്- ഇസ്രാഈല്‍ കള്‍ച്ചറല്‍ ആന്റ് സയന്റിഫിക്ക് പ്രോജക്ട് ഉദ്ഘാടനം ചെയ്യാനുമാണ് നെതന്യാഹു പാരിസില്‍ എത്തിയത്.
ഫലസ്തീന്‍ ജനതയെ അട്ടിമച്ചര്‍ത്തുന്ന ഇസ്രാഈല്‍ നടപടിയില്‍ പ്രതിഷേധക്കാര്‍ രോഷം പ്രകടിപ്പിച്ചു. 21കാരിയായ ഫലസ്തീന്‍ ആരോഗ്യ പ്രവര്‍ത്തക റസാന്‍ അല്‍ നജ്ജാറിനെ വെടിവെച്ചു കൊലപ്പെടുത്തിയത് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധമാണെന്ന് യാസ്മിന്‍ എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പറഞ്ഞു. ഗസ്സയില്‍ നിരായുധരായ സാധാരണക്കാരെ വെടിവെച്ചു കൊലപ്പെടുത്തിയത് യുദ്ധകുറ്റകൃത്യമാണെന്ന് ഫ്രാന്‍സ് ഫലസ്തീന്‍ സോളിഡാരിറ്റി അസോസിയേഷന്‍ അംഗം ജാക്വിസ് പറഞ്ഞു.
മക്രോണും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുന്ന ഗ്രാന്‍ഡ് പാലസ് എക്‌സിബിഷ്യന്‍ ഹാളിന് മുന്നിലാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. പൊലീസ് അനുമതി നിഷേധിക്കുകയും രണ്ട് മെട്രോസ്‌റ്റേഷനുകള്‍ അടക്കുകയും ചെയ്തതിനെ തുടര്‍ന്ന് സെയിന്‍ നദിക്ക് സമീപത്തേക്ക് പരിപാടി മാറ്റുകയായിരുന്നു. പൊലീസുമായി ഒറ്റപ്പെട്ട സംഘര്‍ഷമുണ്ടായെങ്കിലും റാലി പൊതുവെ സമാധാനപരമായിരുന്നു.
ഫ്രാന്‍സിലെ മൂന്ന് പ്രമുഖ ജേണലിസ്റ്റ് യൂണിനകളും സംയുക്ത പ്രസ്താവനയില്‍ നെതന്യാഹുവിന്റെ സന്ദര്‍ശനത്തെ അപലപിച്ചു. ഗസ്സയില്‍ നൂറിലേറെ പേരെ വെടിവെച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും നെതന്യാഹുവിനെ മക്രോണ്‍ കാണാന്‍ പാടില്ലെന്ന് പ്രസ്താവന വ്യക്തമാക്കി.

chandrika: