X

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്

രാമനവമിക്ക് അനുമതിയില്ലാതെ റാലി നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്. ഗോഷമഹൽ എം.എൽ.എ രാജസിങ്ങിനെതിരെയാണ് കേസെടുത്തത്. ഏപ്രിൽ 17ന് രാമനവമി ദിനത്തിൽ അനുമതിയില്ലാതെ രാജസിങ് റാലി നടത്തുകയായിരുന്നു. ഇസ്‍ലാമോഫോബിക്കായ പാട്ടുകൾ പാടിക്കൊണ്ടായിരുന്നു റാലി. ഐ.പി.സി സെക്ഷനിലെ വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

അസ്ഫാൽഗുഞ്ച് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടറായ പി.രാമകൃഷ്ണനാണ് രാജസിങിനെതിരെ പരാതി നൽകിയത്. ഏപ്രിൽ 17ന് സുൽത്താൻബസാർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗൽഹാട്ടിൽ നിന്നും ഹനുമാൻവ്യാമശാല വരെ രാത്രി 10.15ന് രാജസിങ് റാലി നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് ഗൗലിഗുഡ സെന്ററിൽ രാജസിങ്പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ആളുകളെ സ്വാധീനിക്കാനാണ് പ്രസംഗത്തിലുടനീളം രാജസിങ് ശ്രമിച്ചത്. ആളുകളോട് ബി.ജെ.പി എം.എൽ.എ വോട്ട് അഭ്യർഥിക്കുകയും ചെയ്തുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇയാളുടെ നടപടി പ്രദേശത്ത് ഗതാഗതകുരുക്കിനും കാരണമായി.

മെയിലാണ് തെലങ്കാനയിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയും കോൺഗ്രസും തമ്മിൽ മിക്ക മണ്ഡലങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ,​ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തെലങ്കാനയിലെ ഭൂരിപക്ഷം സീറ്റുകളിലു കോൺഗ്രസ് വിജയിക്കുമെന്നാണ് എക്സിറ്റ്പോൾ സർവേഫലങ്ങൾ നൽകുന്ന സൂചന.

webdesk13: