ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്തിനെ പുകഴ്ത്തി ഗാസിപൂരില്‍ വന്‍ പോസ്റ്ററുകള്‍. ഹീറോ, 56 ഇഞ്ച് നെഞ്ചളവുള്ളവന്‍ എന്നിവയടക്കം വിശേഷിപ്പിച്ചാണ് ടികായതിനെ പുകഴ്ത്തിയുള്ള പോസ്റ്ററുകള്‍. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലെ രാകേഷ് ടികായത്തിന്റെ കണ്ണീരണിഞ്ഞുള്ള അഭ്യര്‍ഥന വൈറലായിരുന്നു. ഇത് കര്‍ഷക സമരത്തെ ജീവസ്സുറ്റതാക്കി.
കര്‍ഷക സമരത്തിന് കേന്ദ്രീകൃത നേതാവിനെയാണ് ചിലര്‍ രാകേഷ് ടികായത്തിലൂടെ കാണുന്നത്. ജനുവരി 26ന് ശേഷം ടികായത്തിന്റെ പ്രശസ്തി ഉയര്‍ന്നു. ഞങ്ങളുടെ മാറിലൂടെയല്ലാതെ നിങ്ങള്‍ക്ക് ടികായത്തിനെതിരെ വെടിയുതിര്‍ക്കാനാകില്ലെന്നും സമരപ്പന്തലുകളില്‍ എഴുതി വെച്ചിരിക്കുന്നു.
ജനുവരി 26ന് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് സമാന്തരമായാണ് കര്‍ഷകര്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചത്. എന്നാല്‍ റാലിയില്‍ സംഘര്‍ഷമുണ്ടായി. സമരത്തിലെ ഒരുവിഭാഗം ആളുകള്‍ ചെങ്കോട്ടയില്‍ കയറി ദേശീയപതാകക്ക് താഴെ സിഖ് മത പതാക ഉയര്‍ത്തിയത് വിവാദമായി. തുടര്‍ന്ന് സമരത്തിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചു. ഈ ഘട്ടത്തിലാണ് രാകേഷ് ടികായത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത് വിളിച്ചുകൂട്ടി സമരം തുടരാന്‍ ആഹ്വാനം ചെയ്തത്.