ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭ പരിഗണിക്കാനിരിക്കെ വിട്ടുവീഴ്ചയുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്ത്. പ്രതിപക്ഷം മുന്നോട്ടു വച്ച ഭേദഗതികളും സിലക്ട് കമ്മിറ്റിക്കു വിടുന്ന കാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കും. പരിഗണനക്കായി ബില്‍ സിലക്ട് കമ്മിറ്റിക്കു വിടുന്നതിനോടു കേന്ദ്രസര്‍ക്കാരിനു യോജിപ്പില്ല. എന്നാല്‍ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ ഭേദഗതിയില്ലാതെ പാസാക്കുക കേന്ദ്രത്തിന് അസാധ്യമാണ്.
57 അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും രാജ്യസഭയിലുള്ളത്. ഇടതുപക്ഷവും അണ്ണാ ഡിഎംകെയും ബിജു ജനതാദളും എന്‍സിപിയും അടക്കം പ്രതിപക്ഷത്തുള്ള എഴുപത്തഞ്ചോളം അംഗങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട ബില്‍ ചര്‍ച്ചയ്ക്കായി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന അഭിപ്രായമാണുള്ളത്. പതിനഞ്ചോളം ബിജെപിയിതര അംഗങ്ങള്‍ മാത്രമാണ് ബില്ലിനെ പിന്തുണയ്ക്കുന്നത്. അതിനാല്‍ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാനാണ് സാധ്യത. മുത്തലാഖ് നിരോധനത്തെ പിന്തുണക്കുന്നുണ്ടെങ്കിലും മുത്തലാഖ് ജാമ്യമില്ലാ കുറ്റമാക്കുന്നതിനോടാണ് കോണ്‍ഗ്രസ്സിന് വിയോജിപ്പ്.