X

രാജ്യസഭാ സീറ്റ്: ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന കുര്യന്റെ പരാമര്‍ശം തെറ്റെന്ന് രമേശ് ചെന്നിത്തലയും എം.എം.ഹസനും

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചെന്ന പി.ജെ. കുര്യന്റെ പരാമര്‍ശം
അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി പ്രസിഡഡണ്ട് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. രാജ്യസഭാ സീറ്റ് നല്‍കുന്നതും കേരളാ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംബന്ധിച്ചും തങ്ങള്‍ മൂന്നു പേരും ഒരുമിച്ചാണു രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചത്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഇരുവരും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനല്‍കിയതില്‍ തന്റെ വസതിയിലെത്തി മാപ്പുപറഞ്ഞുവെന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ചെന്നിത്തലയുടെയും ഹസന്റെയും പ്രതികരണം. ഇതുവരെ താന്‍ ഉമ്മന്‍ചാണ്ടിയോട് ഒരു സഹായവും തേടിയിട്ടില്ല. തനിക്ക് ഉമ്മന്‍ചാണ്ടി ചെയ്ത സഹായമെന്തെന്ന് വ്യക്തമാക്കണമെന്നും തന്നെ പുറത്താക്കിയത് ഉമ്മന്‍ചാണ്ടിയുടെ അജണ്ടയാണെന്നും മാധ്യമങ്ങളോട് പി.ജെ.കുര്യന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടി ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്കു വരുന്നോയെന്നു നേരത്തേ എ.കെ.ആന്റണി ചോദിച്ചിരുന്നു.അന്നു ഇല്ലയെന്നു പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിലേക്കു പി.ജെ.കുര്യന്‍ വരുന്നത് ഉമ്മന്‍ചാണ്ടിക്കു പേടിയാണോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഞാന്‍ ഒരു സാധാരണ പ്രവര്‍ത്തകനാണെന്നും അദ്ദേഹത്തെപ്പോലെയൊരു നേതാവ് തന്നെ പേടിക്കുന്നത് എന്തിനെന്നുമായിരുന്നു കുര്യന്റെ മറുപടി.

തന്നെ പുറത്തക്കാന്‍ ഉമ്മന്‍ചാണ്ടി 2012 ലും ശ്രമിച്ചു. ഉമ്മന്‍ചാണ്ടിക്ക് അജണ്ടയുണ്ടായിരുന്നു. അതിനായി യുവാക്കളെ ഉപയോഗിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കും. രമേശ് ചെന്നിത്തലയ്ക്കല്ല രാജ്യസഭാ സീറ്റ് സംബന്ധിച്ചു തീരുമാനമെടുത്തതില്‍ മുഖ്യപങ്ക്.പ്രതിപക്ഷ നേതാവിന്റെ വരവ് സൗഹൃദസന്ദര്‍ശനം മാത്രമാണെന്നും കുര്യന്‍ വ്യക്തമാക്കി.

chandrika: