X

കര്‍ഷക ബില്‍; രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ നീക്കം

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം.  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികളാണ് നോട്ടീസ് നല്‍കിയത്. കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ലോക്‌സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.

വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ രൂക്ഷ പ്രതികരണങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ുണ്ടായത്. പ്രതിപക്ഷ അംഗങ്ങള്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ ഡയസിലേക്ക് ഇരച്ചുകയറി. തൃണമൂല്‍ കോണ്‍ഗ്രസ് അംഗം ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെറിക് ഒബ്രിയന്‍ ഉപാധ്യക്ഷന്റെ മൈക്ക് തകര്‍ക്കുകയും പേപ്പറുകള്‍ വലിച്ചുകീറുകയും ചെയ്തു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കി. ഇതിനിടെ അംഗങ്ങള്‍ ബില്ലുകളുടെ പകര്‍പ്പ് വലിച്ചുകീറുകയും ചെയ്തു.

കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് പറഞ്ഞു. എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു.

 

web desk 1: