X

രാജ്യസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന്; കണ്ണ് വെച്ച് ബി.ജെ.പി

തിരുവനന്തപുരം: രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് മാര്‍ച്ച് 23ന് നടക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച സമയക്രമം പ്രസിദ്ധീകരിച്ചു. മാര്‍ച്ച് അഞ്ചിന് നോട്ടിഫിക്കേഷന്‍ പ്രസിദ്ധപ്പെടുത്തും.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 12 ആണ്. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന 13ന് നടക്കും. പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി 15. മാര്‍ച്ച് 23ന് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് നാലുവരെയാണ് തെരഞ്ഞെടുപ്പ്. 23ന് വൈകിട്ട് അഞ്ചുമണിക്ക് വോട്ടെണ്ണല്‍ നടക്കും. 26ന് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കും.

നിലവില്‍ ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബി.ജെ.പിക്ക് രാജ്യസഭയില്‍ മാത്രമാണ് സ്വാധീനം കുറവുള്ളത.് മാര്‍ച്ച് 23 ന് 59 രാജ്യസഭ സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷവും നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ മുന്നണി. അങ്ങനെവന്നാല്‍ നിലവിലെ സ്തംഭനാവസ്ഥ മറികടക്കാനാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. നിര്‍ണായക ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപിക്ക് എന്നും രാജ്യസഭയിലെ ഭൂരിപക്ഷമില്ലായ്മ തടസമായിരുന്നു.

വിവിധ സംസ്ഥാനങ്ങളിലെ അംഗബലമനുസരിച്ച് 59 രാജ്യസഭ സീറ്റുകളില്‍ 52 എണ്ണവും സ്വന്തമാക്കാന്‍ കഴിയുമെന്ന് എന്‍ഡിഎ മുന്നണി കണക്ക് കൂട്ടുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം 10 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ കക്ഷിനില അനുസരിച്ച് ഇതില്‍ ഭൂരിപക്ഷവും സ്വന്തമാക്കാനുളള അനുകൂല സാഹചര്യമാണ് മുന്നണിക്കുളളത്.

ഉത്തര്‍പ്രദേശിന് പുറമേ മഹാരാഷ്ട്ര, ബീഹാര്‍ എന്നി സംസ്ഥാനങ്ങളില്‍ ആറു വീതം രാജ്യസഭ സീറ്റുകളിലേക്കും, എം.പി. വീരേന്ദ്രകുമാര്‍ രാജിവെച്ച സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും ഒരു സീറ്റിലേക്കും, ഗുജറാത്തില്‍ നിന്നും നാലു സീറ്റുകളിലേക്കും മധ്യപ്രദേശ്, ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അഞ്ചുവീതം സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

നിലവില്‍ 245 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 93 അംഗങ്ങള്‍ മാത്രമാണുളളത്. ഏകദേശം 122 പേരാണ് യുപിഎയുടെ പിന്നില്‍ അണിനിരക്കുന്നത്.

chandrika: