X

ബഹിഷ്‌കരണം തുടര്‍ന്ന് പ്രതിപക്ഷം; വിവാദ വിദേശ ഫണ്ട് ബില്‍ രാജ്യസഭയില്‍ പാസാക്കി കേന്ദ്രം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹിഷ്‌കരത്തിനിടെ രാജ്യസഭ സെഷന്‍ ആരംഭിച്ചു. വര്‍ഷകാല പാര്‍ലമെന്റിലെ അവസാന ദിവസത്തെ ഉപരിസഭയുടെ ശൂന്യവേളയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ അസാന്നിധ്യത്തില്‍ രാജ്യസഭയില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ നാല് ബില്ലുകള്‍ പരിഗണിക്കുന്നത്.

വിദേശ ഫണ്ടിങ് സംബന്ധിച്ച് വിവാദമായ വിദേശ സംഭാവന (റെഗുലേഷന്‍) ഭേദഗതി രാജ്യസഭയില്‍ പാസാക്കി കേന്ദ്രം.

വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലാണിത്. വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒയുടെ ഭാരവാഹികളുടെ ആധാര്‍ നമ്പറുകള്‍ രജിസ്‌ട്രേഷന് നിര്‍ബന്ധമാക്കുന്നതും പൊതുപ്രവര്‍ത്തകര്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നതാണ് വിദേശ സംഭാവന നിയമത്തിലെ ഭേദഗതി. എന്‍ജിഒകള്‍ക്ക് കര്‍ശന നിയന്ത്രണം ആവശ്യപ്പെടുന്ന സംഘ്പരിവാര്‍ ആവശ്യം നിറവേറ്റുന്നതാണ് ഭേദഗതി. വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു.  ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാവും.

ഇത് കൂടാതെ മൂന്ന് ബില്ലുകള്‍കൂടി ഇന്ന് ഉപരിസഭ പരിഗണിയ്ക്കുന്നുണ്ട്. ഉഭയകക്ഷി സാമ്പത്തിക കരാറിലെ ബില്‍, അപ്രോപ്രിയേഷന്‍ (നമ്പര്‍ 3) ബില്‍, അപ്രോപ്രിയേഷന്‍ (നമ്പര്‍ 4) ബില്‍ എന്നിവയാണിത്.
രാജ്യസഭാ സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നു.

അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ അനൂകൂല ഘടകമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇന്നലെമാത്രം പത്തിലേറെ ബില്ലുകളാണ് ഇരു സഭകളിലുമായി പാസാക്കിയെടുത്തത്. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭക്ക് പിന്നാലെ ലോക്സഭയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ശൂന്യമായ സഭയില്‍ കശ്മീര്‍ ഭാഷ വിഷയത്തിലടക്കം ബില്ലുകളാണ് മോദി സര്‍ക്കാര്‍ പാസാക്കിയത്.

എന്നാല്‍, പ്രതിഷേധം വകവക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. ഇതിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ തീരുനമാനിച്ചു.

chandrika: