X

സസ്‌പെന്‍ഷനിലായ എംപിമാരുടെ പ്രതിഷേധം തുടരുന്നു; ഉപവാസവുമായി രാജ്യസഭാ ഉപാധ്യക്ഷനും

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ അനിശ്ചിത കാല ധര്‍ണ തുടരുന്നു. അതേ സമയം രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണും നാളെ രാവിലെ വരെ ഉപവാസമിരിക്കും. എംപിമാരുടെ മോശം പെരുമാറ്റം ആരോപിച്ചാണ് ഉപവാസമിരിക്കുന്നത്.

പാര്‍ലമെന്റിലെ ഗാന്ധി പ്രതിമക്കടുത്ത് രാവിലെയും എംപിമാരുടെ പ്രതിഷേധം തുടരുകയാണ്. എംപിമാരായ എളമരം കരീം,കെകെ രാഗേഷ്, ഡെറക് ഒബ്രയാന്‍, ഡോല സെന്‍, സഞ്ജയ് സിങ്, രാജീവ് സതവ്, റിപുന്‍ ബോറ, സയിദ് നസീര്‍, എന്നിവരാണ് സമരം നടത്തുന്നത്.

സഭയില്‍ ഇന്നും പ്രതിഷേധം കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. സഭാ നടപടികള്‍ അടക്കം തടഞ്ഞുവക്കാനുള്ള നീക്കം തുടരും. കാര്‍ഷിക ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെയും കാണുന്നുണ്ട്. അതിനിടെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുകയാണ്.

കാര്‍ഷിക ബില്‍ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയില്‍ എംപിമാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്നാണ് എട്ടുപേരെ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന് ശേഷവും എംപിമാര്‍ സഭ വിട്ടു പോകാത്തതിനെതിരെ കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബര്‍ 24മുതല്‍ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.

 

 

web desk 1: