X

രാജ്യസഭയില്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: രാജ്യസഭയില്‍ കര്‍ഷക ബില്ലിനെതിരെ പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡെറിക്ക് ഒബ്രയ്ന്‍,രാജു സതവ്, കെകെ രാഗേഷ്,റിപുണ്‍ ബോറ,ഡോല സെന്‍,സയ്യിദ് നസീര്‍ ഹുസൈന്‍, സജ്ഞയ് സിങ്, എളമരം കരീം എന്നിവരെയാണ് ഒരു ഒരാഴ്ച്ചയിലേക്ക് രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു സസ്‌പെന്‍ഡ് ചെയ്തത്.

 

കര്‍ഷക ബില്‍ നാടകീയമായി രാജ്യസഭയില്‍ പാസാക്കിയ സംഭവത്തില്‍ സഭയില്‍ പ്രതിഷേധിച്ച പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ കേന്ദ്രം നടപടിയെടുക്കുമെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന്റെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവന്ഷ് സിംഗ്, കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍, പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവരായിരുന്നു പങ്കെടുത്തിരുന്നത്.

രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാന്റെ പോഡിയത്തിനുള്ളിലേക്ക് കടന്നുകയറുകയും മൈക്ക് നശിപ്പിക്കുകയും ചെയ്‌തെന്നാണ് പ്രധാന ആരോപണം. അതോടൊപ്പം ഡെപ്യൂട്ടി ചെയര്‍മാനെതിരെ മുദ്രാവാക്യം വിളിക്കുകയും പേപ്പറുകള്‍ സഭയില്‍ വെച്ച് കീറിയെറിയുകയും ചെയ്തു. എം.പിമാരുടെ പ്രതിഷേധങ്ങള്‍ കാരണം സഭ പത്ത് മിനിറ്റ് സമയത്തേക്ക് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പ്രതിഷേധം ഗൗനിക്കാതെ ശബ്ദവോട്ടോടെയാണ് കര്‍ഷക ബില്‍ പാസാക്കിയത്.

അതേസമയം, വിവാദമായ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കര്‍ഷക ബില്‍ അവതരിപ്പിക്കുന്നതിനിടെ രാജ്യസഭാ ഉപാധ്യക്ഷന്‍ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. വിഷയത്തില്‍ രാജ്യസഭാ ഉപാധ്യക്ഷനെതിരെ അവിശ്വാസ പ്രമേയവുമായി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 12 പ്രതിപക്ഷ പാര്‍ട്ടികള്‍ നോട്ടീസ് നല്‍കി. കര്‍ഷകരുടെ മരണ വാറണ്ടാണ് ബില്ലുകളെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലോക്സഭ പാസാക്കിയ ബില്ല് പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടയില്‍ ശബ്ദ വോട്ടോടുകൂടിയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ പാര്‍ലമെന്ററി സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളികൊണ്ടാണ് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയത്.

എന്‍ഡിഎ സഖ്യ കക്ഷിയായ അകാലിദള്‍, രാജ്യസഭയില്‍ സര്‍ക്കാരിനെ എല്ലായ്പ്പോഴും പിന്തുണക്കാറുള്ള ബിജു ജനതാദള്‍ എന്നിവരടക്കം ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. കര്‍ഷക ബില്ലിനെ തുടര്‍ന്ന് അകാലിദള്‍ മന്ത്രിയെ പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ളവരടക്കം 12 എംപിമാര്‍ സഭപിരിഞ്ഞതിന് ശേഷവും രാജ്യസഭയുടെ നടത്തുളത്തില്‍ ധര്‍ണ നടത്തി.

ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ഫാര്‍മേഴ്‌സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവയാണ് ഇന്ന് രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്. എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ പരിഗണിക്കാനായില്ല. കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക ബില്ലുകള്‍ക്കെതിരെ പഞ്ചാബ്, ഹരിയാന, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.

Test User: