X

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി; പി.വി അബ്ദുല്‍ വഹാബ് എം.പിയടക്കം ഏഴുപേര്‍ എതിര്‍ത്തു

മുന്നാക്ക സംവരണം നടപ്പാക്കാനായുള്ള സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി.  നേരത്തെ ലോക്സഭയില്‍ പാസാക്കിയ ബില്ല് 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസാക്കിയത്. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വോട്ടിനിട്ട് തള്ളി. ഏഴിനെതിരെ 165 വോട്ടുകള്‍ക്കാണ് പാസായത്. മുസ്‌ലിം ലീഗ് എം.പി പി.വി അബ്ദുല്‍ വഹാബ് എംപിയടക്കം ഏഴുപേര്‍ എതിര്‍ത്തു വോട്ടു ചെയ്തു. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതി നിലവില്‍ വരും.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ഡി.എം.കെ എം.പി കനിമൊഴിയുടെ ആവശ്യത്തെ കോണ്‍ഗ്രസ്സ്, സി.പി.എം, തൃണമൂല്‍, ആര്‍.ജെ.ഡി, ടി.ഡി.പി അടക്കം മിക്ക പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണച്ചു. എന്നാല്‍ ബില്ലിനെ ആശയപരമായി ഇവര്‍ എതിര്‍ത്തില്ല.

രാവിലെ ബില്ല് ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ സമവായമുണ്ടായില്ലെങ്കിലും ഉച്ചയോടെ പ്രതിപക്ഷ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാറിന് സാധിച്ചതോടെയാണ് ബില്ല് പാസാക്കാനുള്ള വഴി തുറന്നത്. മുസ്‌ലിം ലീഗ്,  ആം ആദ്മി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നായി ഏഴ് പേരാണ് ബില്ലിനെ എതിര്‍ത്തു വോട്ട് ചെയ്തത്. അണ്ണാ ഡിഎംകെ അംഗങ്ങള്‍ സഭ ബഹിഷ്കരിച്ചു.

ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടമമെന്ന പ്രമേയവും സ്വകാര്യ മേഖലയിലും സംവരണമേര്‍പ്പെടുത്തണമെന്ന ഭേദഗതി പ്രമേയത്തെയും പിന്തുണച്ചെങ്കിലും, പ്രമേയങ്ങള്‍ തള്ളിയ ശേഷമുള്ള വോട്ടെടുപ്പില്‍ ബില്ലിന് അനുകൂലമായി സി.പി.എം വോട്ട് ചെയ്തു.

അതേസമയം  കീഴ്‌വഴക്കവും ചട്ടവും മറികടന്നാണ് സര്‍ക്കാര്‍ സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കുന്നതെന്നും കൂടിയാലോചന ഇല്ലാതെയാണ് രാജ്യസഭാ സമ്മേളനം നീട്ടിയതെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി.

അതിനിടെ ലോക്‌സഭ പാസാക്കിയ മുന്നാക്ക സംവരണ ബില്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഉപയോഗപ്രദമാകുന്നതാണ് ബില്ലെന്നും മോദി പറഞ്ഞു.

സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെയുള്ള കക്ഷികളും രാജ്യസഭയില്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഭരണഘടനാ ഭേദഗതിക്ക് പകുതിയിലധികം സംസ്ഥാന നിയമസഭകളുടെ കൂടി അംഗീകാരം വേണമെങ്കിലും, സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമല്ലാത്തതിനാല്‍ സാമ്പത്തിക സംവരണ ബില്ലിന് സംസ്ഥാനങ്ങളുടെ അംഗീകാരം ആവശ്യമില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിന്റെ അനുമതിക്കു ശേഷം രാഷ്ട്രപതി ഒപ്പുവെച്ചാല്‍ ബില്‍ നിയമമാകുമെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ വ്യക്തമാക്കി.
അതേസമയം ബില്‍ പാര്‍ലമന്റെിന്റെ ഇരു സഭകളും പാസാക്കിയതോടെ സുപ്രീംകോടതിയെ സമീപിക്കുക മാത്രമാണ് ഇനി ന്യൂനപക്ഷങ്ങള്‍ക്കു മുന്നിലുള്ള പോംവഴി. ബില്‍ പാസാക്കിയാല്‍ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുസ്്‌ലിംലീഗ് നേതൃത്വം കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.
ബില്ലിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന് സി.പി.ഐ നേതാവ് ഡി രാജ ചര്‍ച്ചയില്‍ ആരോപിച്ചിരുന്നു. കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത് ജനുവരി ഏഴിനാണ്. തൊട്ടടുത്ത ദിവസം ബില്‍ ലോക്‌സഭ പാസാക്കി. ഇന്ന് രാജ്യസഭയിലും ചര്‍ച്ചക്കെടുത്തു. രാജ്യത്തെ മൊത്തം ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യ തിടുക്കം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണെന്നും രാജ കുറ്റപ്പെടുത്തി.
രാജ്യത്തെ ദരിദ്രരോടും ഉന്നത ജാതിക്കാരോടും ഒരുപോലെയുള്ള വഞ്ചനയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്ന് ബി.എസ്.പി അംഗം സതീഷ് ചന്ദ്ര മിശ്ര ആരോപിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് പ്രത്യേക സംവരണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

chandrika: