രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയില്‍ ചേരിപ്പോര് ശക്തമാകുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ ഒഴിവാക്കി സിപിഎമ്മും സിപിഐയും സീറ്റ് പങ്കിട്ടേക്കും. കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റിന് പകരമായി മറ്റെന്തെങ്കിലും പദവി നല്‍കുന്ന ഫോര്‍മുലയെ കുറിച്ചും ചര്‍ച്ച ചെയ്യുന്നു. ഇതിനുപുറമേ ആര്‍ജെഡിയും സീറ്റിനായുള്ള സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടെങ്കിലും മുന്നണി നേതൃത്വം ഇത് ഗൗരവമായി എടുത്തിട്ടില്ല.
എംപിമാരായ ബിനോയ് വിശ്വം (സിപിഐ), എളമരം കരീം (സിപിഎം), ജോസ് കെ. മാണി (കേരള കോണ്‍ഗ്രസ് എം) എന്നിവരുടെ സീറ്റുകളിലാണ് ഒഴിവ്. ജൂലൈ ഒന്നിനാണ് മൂവരുടെയും കാലാവധി അവസാനിക്കുന്നത്. രണ്ടു പേരെയാണ് എല്‍ഡിഎഫിനു ജയിപ്പിക്കാനാവുക. ഇതില്‍ ഒരു സീറ്റ് സിപിഎമ്മിന് അവകാശപ്പെട്ടതാണ്. ബാക്കിയുള്ള ഒരു സീറ്റിനായി സിപിഐയും കേരള കോണ്‍ഗ്രസും (എം) തമ്മില്‍ തര്‍ക്കം മുറുകുന്നിതനിടെയാണ് ആര്‍ജെഡിയും അവകാശവാദവുമായി എത്തിയിരിക്കുന്നത്.
ബിനോയ് വിശ്വവും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണിയും ഒരേ സമയം ഒഴിയുമ്പോള്‍ രണ്ടില്‍ ഒരു പാര്‍ട്ടിക്കേ സീറ്റ് ലഭിക്കൂ. ജോസ് കെ. മാണി വിരമിക്കുമ്പോള്‍ പകരം സീറ്റ് പാര്‍ട്ടിക്കു തന്നെ കിട്ടിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസിന് (എം) രാജ്യസഭാ പ്രാതിനിധ്യം ഇല്ലാതാകും. ഈ സാഹചര്യത്തില്‍ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടെന്നാണു കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ തീരുമാനം.
കേരളത്തിലെ 3 സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂണ്‍ 25-നാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂണ്‍ ആറിന് പുറപ്പെടുവിക്കും. ജൂണ്‍ 13 വരെ പത്രിക സമര്‍പ്പിക്കാം. മഹാരാഷ്ട്രയില്‍ പ്രഫുല്‍ പട്ടേല്‍ രാജിവെച്ച ഒഴിവിലേക്കും തിരഞ്ഞെടുപ്പ് നടക്കും.