X

20ാം ദിനവും സഭ സ്തംഭിച്ചു; രാജ്യസഭ നിര്‍ത്തിവെച്ചത് 10 തവണ

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള നീക്കം ഉന്നയിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളും രംഗത്തെത്തിയതോടെയാണ് സഭ ബഹളത്തില്‍ കലാശിച്ചത്. ഇതോടെ കോണ്‍ഗ്രസും ടി.ഡി.പിയും മുസ്്‌ലിംലീഗും ഉള്‍പ്പെടെയുള്ള കക്ഷികള്‍ നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്നും ചര്‍ച്ചക്കെടുത്തില്ല.

പുതുതായി സഭയിലെത്തിയ 12 രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്നലെ നടന്ന ഏക നടപടിക്രമം. സ്പീക്കര്‍ ചെയറിലേക്ക് എത്തുന്നുവെന്ന് അറിയിച്ചതോടെ തന്നെ രാജ്യസഭയില്‍ എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി തുടങ്ങിയിരുന്നു. നടപടികളുമായി സഹകരിക്കണമെന്നും സീറ്റുകളിലേക്ക് മടങ്ങണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല. നിര്‍ത്തിവെച്ച സഭ ഉച്ചക്ക് രണ്ടു മണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ എസ്.സി, എസ്.ടി അതിക്രമം തടയല്‍ നിയമത്തിലെ സുപ്രീംകോടതിയുടെ വിവാദ ഉത്തരവ് ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് കക്ഷി നേതാവ്് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടെങ്കിലും ഭരണ പക്ഷ അംഗങ്ങള്‍ ബഹളം വെച്ച് ഇത് അട്ടിമറിച്ചു. പത്തു തവണയാണ് ഇന്നലെ രാജ്യസഭ നിര്‍ത്തിവെച്ച് വീണ്ടും ചേര്‍ന്നത്. കാര്യമായ പുരോഗതിയൊന്നും ഇല്ലാത്തതിനാല്‍ ഇന്നത്തേക്ക് പിരിയുന്നതായി ചെയറിലുണ്ടായിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്‍ അറിയിക്കുകയായിരുന്നു.
ലോക്‌സഭയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അവിശ്വാസ പ്രമേയ നോട്ടീസ് ചര്‍ച്ചക്കെടുക്കണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടെങ്കിലും എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ബഹളം തുടരുന്നതിനാല്‍ നോട്ടിസ് പരിഗണിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്‍. അംഗങ്ങള്‍ സീറ്റിലേക്ക് മടങ്ങാതെ തലയെണ്ണി തിട്ടപ്പെടുത്താനാവില്ലെന്നും നോട്ടീസ് പരിഗണിക്കാനാവില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.
തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ച സഭ ഉച്ചക്ക് 2.45ന് വീണ്ടും ചേര്‍ന്നപ്പോള്‍ ഇറാഖില്‍ ഐ.എസ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതിനുള്ള ദൗത്യസംഘത്തെ നയിച്ച വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പ്രസ്താവന നടത്താന്‍ എണീറ്റെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. ഇതിനിടെ മോദി സര്‍ക്കാര്‍ ദളിത് വിരോധികളാണെന്ന മുദ്രാവാക്യം വിളികളുമായി കോണ്‍ഗ്രസ്, ബി.എസ്.പി അംഗങ്ങള്‍ നടുത്തളത്തില്‍ നിലയുറപ്പിച്ചു. ആന്ധ്രയെ രക്ഷിക്കുക എന്ന പ്ലക്കാര്‍ഡുകളുമായി ടി.ഡി.പി അംഗങ്ങളും നടുത്തളത്തിലെത്തിയതോടെ സഭ പൂര്‍ണമായും ബഹളത്തില്‍ മുങ്ങുകയും ഇന്നലത്തേക്ക് പിരിയുകയുമായിരുന്നു.

chandrika: