X

ചീഫ് സെക്രട്ടറി ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി

കൊച്ചി: ചീഫ് സെക്രട്ടറി ടോം ജോസിനും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയ്ക്കുമെതിരെ ആഞ്ഞടിച്ച് രാജു നാരായണ സ്വാമി രംഗത്ത്. അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരിലാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് സദാനന്ദ ഗൗഡയാണെന്നും രാജുനാരായണ സ്വാമി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതിന്റെ പേരില്‍ തന്നെ പുറത്താക്കുകയും അതിനു ശേഷം തന്റെ കാലഘട്ടത്തില്‍ അഴിമതി നടന്നുവെന്ന് പറയുകയും ചെയ്യുന്നത് കഷ്ടമാണ്.നാളികേര ബോര്‍ഡിലെ മുന്‍ ചെയര്‍മാന്‍ന്മാരുടെ കാലഘട്ടത്തില്‍ നടന്ന ചില ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരിക മാത്രമാണ് താന്‍ ചെയ്തത്. 370 ല്‍ പരം തേക്കുമരങ്ങളാണ് കര്‍ണാടകയിലെ മാണ്ഡ്യയിലെ ഫാമില്‍ നിന്നും അനധികൃതമായി മുറിച്ചു മാറ്റിയത്. ഇതിനെതിരെ തനിക്ക് പരാതി ലഭിച്ചു അതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാര്യം സത്യമാണെന്ന് തനിക്ക് ബോധ്യപ്പെട്ടു.370 തേക്കു മരങ്ങളും മുറിച്ചു മാറ്റിയത് അന്നത്തെ ഫാം മാനേജര്‍ ചിന്നരാജിന്റെ നേതൃത്വത്തിലാണ്.ചിന്നരാജിനെ താന്‍ സസ്‌പെന്റു ചെയ്തു. ഇതേ തുടര്‍ന്ന് അന്നത്തെ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഇടപെട്ട് ചിന്നരാജിനെതിരായ നടപടി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു പറ്റില്ലായെന്ന് താന്‍ പറഞ്ഞു.മാര്‍ച് ഏഴിനാണ് തന്നെ മാറ്റുന്നത്. ഇപ്പോള്‍ ചിന്ന രാജിന് വീണ്ടും നിയമനം നല്‍കിയിരിക്കുകയാണ്.ജൂണില്‍ അദ്ദേഹത്തിന് മുഴുവന്‍ ശമ്പളവും നല്‍കിക്കൊണ്ട് ത്രിപുരയിലെ ഫാമിലേക്ക് നിയമിച്ചിരിക്കുകയാണ്.

ചിന്നരാജിനെപ്പോലുളളവരെ നിയമിക്കാനാണ് തന്നെ നാളികേര ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കിയതെന്നും രാജുനാരായണ സ്വാമി പറഞ്ഞു. എന്തു കൊണ്ട് ചിന്നരാജിനെ തിരിച്ചെടുത്തുവെന്നതിന് മറുപടി പറയാന്‍ തനിക്കു പകരം ചെയര്‍മാന്‍ സ്ഥാനത്ത് ഇരിക്കുന്ന ആള്‍ മറുപടി പറയാന്‍ ബാധ്യസ്ഥനാണെന്നും രാജു നാരായണ സ്വാമി പറഞ്ഞു.

chandrika: