X

രാജസ്ഥാനില്‍ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍

 

ജയ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ജയ്പൂര്‍ ജില്ല ബി.ജെ.പി അധ്യക്ഷന്‍ മൂല്‍ ചന്ദ് മീണ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു.
ഇയാള്‍ക്കു പുറമെ സംസ്ഥാന സഹകരണ മന്ത്രി അജയ് സിങ് കിലാകിന്റെ സഹോദരി ബിന്ദു, ജാട്ട് നേതാവ് വിജയ് പൂനിയ, ഭാര്യ ഉഷ പൂനിയ എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ വസുന്ധര രാജ സിന്ധ്യ മന്ത്രിസഭയില്‍ ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു മുന്‍ ബി.ജെ.പി നേതാവു കൂടിയായ ഉഷ പൂനിയ. 2013ല്‍ അനൂപ്ഗഡില്‍ നിന്നും സമീന്ദാര പാര്‍ട്ടി നേതാവായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഷിംല നായകും കോണ്‍ഗ്രസില്‍ ചേര്‍ന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി സെക്രട്ടറി അശോക് ഗെലോട്ട്, പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവര്‍ കോണ്‍ഗ്രസ് അംഗത്വം നേടിയത്. അതേ സമയം മുന്‍ കോണ്‍ഗ്രസ് നേതാവ് ബന്‍വാരിലാല്‍ ശര്‍മയുടെ മകനും ധോല്‍പൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്ന അശോക് ശര്‍മ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്കും ചേക്കേറി.
പാര്‍ട്ടി സ്ഥാപക നേതാവ് ജസ്വന്ത് സിങിന്റെ മകനും എം .എല്‍.എയുമായ മാനവേന്ദ്ര സി ങ് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ബി.ജെ.പിയെ പ്രതി സ ന്ധയിലാക്കിയിരുന്നു. മുഖ്യമന്ത്രി വസുന്ധര രാജെയുമായുള്ള പ്രശ്‌നങ്ങളാണ് മാനവേന്ദ്ര സിങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്തെത്തിച്ചത്. ഏറെക്കാലമായി ബിജെപിയുമായി അകന്ന് നില്‍ക്കുകയായിരുന്നു അദ്ദേഹം. വസുന്ധരയുടെ ഭരണത്തില്‍ ജനങ്ങളുടെ ആത്മാഭിമാനം നഷ്ടമായെന്നും തെരഞ്ഞെടുപ്പില്‍ ബി.ജെ. പിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ബി.ജെ.പിക്ക് ശക്തമായ പിന്‍ബലമായിരുന്ന രജപുത്ര വിഭാഗത്തില്‍നിന്നുള്ള നേതാക്കളാണ് ജസ്വന്ത് സിങും മകനും. ഇതോടെ സംസ്ഥാനത്ത് ഭരണത്തിലേറുക എളുപ്പമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

chandrika: