ന്യൂഡല്‍ഹി: പാക്കിസ്താന്‍ ഒരു യുദ്ധത്തിന് തയ്യാറാണെങ്കില്‍ ഇന്ത്യ ഒരുക്കമാണെന്ന് കേന്ദ്ര അഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. യുദ്ധത്തിന് അവര്‍ ഒരുക്കമാണെങ്കില്‍ പിന്നെ ഇന്ത്യക്കാണോ ബുദ്ധിമുട്ടെന്നായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ ചോദ്യം. ഒരു ദേശീയ മാധ്യമത്തിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുല്‍വാമ ആക്രമണത്തിനെതിരെ ഇന്ത്യ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിക്കഴിഞ്ഞിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തെ അനുശോചിക്കാന്‍ പോലും തയ്യാറാകാത്ത പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തീവ്രവാദത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
ഭീകരാക്രമണത്തില്‍ പാക്കിസ്താന് പങ്കുണ്ടെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും പാക്കിസ്താന്‍ ആരോപണം നിഷേധിക്കുകയായിരുന്നു. ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. പുല്‍വാമ ആക്രമണത്തെ അപലപിക്കാനോ കൊല്ലപ്പെട്ട സൈനികരെ കുറിച്ച് പരാമര്‍ശിക്കാനോ ഇമ്രാന്‍ ഖാന്‍ തയ്യാറായിരുന്നില്ല.