ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് ക്രൂരമായി മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ് കുമാറിനെ ഉരുട്ടലിന് വിധേയനാക്കി. മരണകാരണം ന്യൂമോണിയയെങ്കിലും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. രാജ്കുമാറിന്റെ ദേഹത്ത് 22 മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയും ശരീരത്തിലെ മുറിവുകളുമാണെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. നെഞ്ചില്‍ ഏറ്റ ക്ഷതമാണ് ന്യൂമോണിയിലേക്ക് നയിച്ചതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇതോടെ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദിച്ചിട്ടില്ലെന്ന പൊലീസിന്റെ വാദം പൊളിയുകയാണ്. രാജ്കുമാറിനെ പിടികൂടിയ നാട്ടുകാരാണ് രാജ്കുമാറിനെ മര്‍ദിച്ചതെന്ന് നേരത്തെ പൊലീസ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, വിവാദമായ നെടുംകണ്ടം പൊലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു. കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഹാര്‍ഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ നെടുംകണ്ടം പോലീസ് സ്‌റ്റേഷനിലെ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരില്‍ നിന്ന് മൊഴിയെടുക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.