ചെന്നൈ: കന്നഡ നടന്‍ രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട കാട്ടുകള്ളന്‍ വീരപ്പനെ കോടതി കുറ്റവിമുക്തരാക്കി. തട്ടിക്കൊണ്ടുപോവല്‍ സംഭവം നടന്ന് 18 വര്‍ഷത്തിനുശേഷമാണ് വിധി വരുന്നത്. നിലവില്‍ കേസിലെ മുഖ്യപ്രതിയും വാദിയും ജീവിച്ചിരിപ്പില്ല.
ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. കേസില്‍ ആരോപണവിധേയരായ ഒമ്പതുപേരെയും വെറുതെ വിട്ടിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാഞ്ഞതാണ് കേസ് വീരപ്പന് അനുകൂലമാക്കിയത്. കേസില്‍ വിചാരണയുമായി രാജകുമാറിന്റെ കുടുംബം സഹകരിച്ചിരുന്നില്ല.
2000 ജൂലൈ 30നാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തലവടിയിലെ ധോട ഗജനൂര്‍ ഗ്രാമത്തിലെ ഫാം ഹൗസില്‍ കുടുംബത്തോടൊപ്പം കഴിയവേയാണ് രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് 108 ദിവസം രാജ്കുമാര്‍ കാട്ടില്‍ തടവിലായിരുന്നു. തുടര്‍ന്ന് 2000 നവംബര്‍ 15നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. രാജ്കുമാറിനെ മോചിപ്പിച്ചതിനു പിന്നാലെ വീരപ്പനും 11 കൂട്ടാളികള്‍ക്കും എതിരെ തലവടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
2004ല്‍ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് നടത്തിയ ഏറ്റുമുട്ടലിലാണ് വീരപ്പന്‍ കൊല്ലപ്പെട്ടത്. പിന്നീട് 2006ല്‍ നടന്‍ രാജ്കുമാര്‍ മരണപ്പെടുകയും ചെയ്തു.