X

രാജ്‌കോട്ട് ടെസ്റ്റ്: വിജയിനും പുജാരക്കും സെഞ്ച്വറി, ഇന്ത്യയുടെ നില സുരക്ഷിതം

മുരളി വിജയും പുജാരയും ബാറ്റിങിനിടെ ദാഹമകറ്റുന്നു

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ സുരക്ഷിതമായ നിലയില്‍. സന്ദര്‍ശകരുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 537നെതിരെ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ നാലു വിക്കറ്റിന് 319 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. ക്യാപ്ടന്‍ വിരാട് കോഹ്ലി(26)യാണ് ക്രീസില്‍. ആറു വിക്കറ്റ് കയ്യിലിരിക്കെ ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 19 റണ്‍സ് കൂടി മതി ഇന്ത്യക്ക്.

ചേതേശ്വര്‍ പുജാര, മുരളി വിജയ് എന്നിവരുടെ സെഞ്ച്വറികളാണ് ഇന്ത്യന്‍ ചേസിങില്‍ നിര്‍ണായകമായത്. പുജാര 124-ഉം വിജയ് 126-ഉം റണ്‍സ് നേടി.

ഓപണര്‍ ഗൗതം ഗംഭീറിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. രണ്ടാം ഓവറില്‍ ബ്രോഡിനു മുന്നില്‍ ഗംഭീര്‍ എല്‍.ബി.ഡബ്ല്യു ആയാണ് പുറത്തായത്. 29 റണ്‍സായിരുന്നു വെറ്ററന്‍ താരത്തിന്റെ സമ്പാദ്യം.

രണ്ടാം വിക്കറ്റില്‍ പുജാര-വിജയ് സഖ്യം 209 റണ്‍സ് ചേര്‍ത്തു. മൂന്നാമനായി ക്രീസിലെത്തിയ പുജാരയാണ് ആദ്യം സെഞ്ച്വറി തികച്ചത്. 169 പന്തില്‍ 15 ബൗണ്ടറി സഹിതമായിരുന്നു ശതകം. പിന്നാലെ 254 പന്തില്‍ നിന്ന് മുരളി വിജയവും സെഞ്ച്വറിയിലെത്തി. എട്ട് ഫോറും മൂന്നു സിക്‌സറുമടക്കമാണ് വിജയ് സെഞ്ച്വറി നേടിയത്.

ബെന്‍ സ്‌റ്റോക്‌സിന്റെ പന്തില്‍ അലിസ്റ്റര്‍ കുക്ക് പിടിച്ചാണ് പുജാര പുറത്തായത്. പിന്നീട് കോഹ്ലിക്കൊപ്പം മൂന്നാം വിക്കറ്റില്‍ വിജയ് 41 റണ്‍സ് ചേര്‍ത്തു. സ്റ്റംപെടുക്കുന്നതിനു തൊട്ടുമുന്നത്തെ ഓവറില്‍ ആദില്‍ റാഷിദിന് വിക്കറ്റ് നല്‍കി വിജയ് പുറത്തായി. നൈറ്റ് വാച്ച്മാനായി അമിത് മിശ്രയെ (0) ഇന്ത്യ ഇറക്കിയെങ്കിലും സഫര്‍ അന്‍സാരി ആ വിക്കറ്റും വീഴ്ത്തി. അതോടെ ഇന്നത്തെ കളി മതിയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

chandrika: