ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍. ‘നിങ്ങളുടെ വെറുപ്പിന്റെ ഇരയാണ് രാജീവ് ജി. എന്നിട്ടും അദ്ദേഹത്തിന്റെ മേല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഴിമതികളും ഉന്നയിക്കുന്നു- അഹമ്മദ് പട്ടേല്‍ പറഞ്ഞു. രാജീവിന്റെ കൊലപാതകത്തില്‍ ആരാണ് ഉത്തരവാദിയെന്ന് മോദി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തിന് വേണ്ടി രക്തസാക്ഷിയായ ഒരു പ്രധാനമന്ത്രിയെ കുറിച്ച് ഇത്തരത്തില്‍ സംസാരിക്കുകയെന്നത് ആത്യന്തികമായി ഭീരുത്വമാണ്. ആ കൊലപാതകത്തിന് ഉത്തരവാദി ആരാണെന്ന് മോദി തന്നെ പറയണം. രാജീവിനെതിരെ ആക്രമണമുണ്ടാകുമെന്ന് ഇന്റലിജന്‍സ് നിരന്തരം റിപ്പോര്‍ട്ട് നല്‍കിയിട്ടും ബി.ജെ.പി നേതൃത്വത്തിലുള്ള വി.പി സിങ് സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ല. ഒരു പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസര്‍ മാത്രമായിരുന്നു രാജീവിനൊപ്പമുണ്ടായിരുന്നത്. രാജീവിന് കൂടുതല്‍ സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകളെല്ലാം വി.പി സിങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുക്കിയെന്നും പട്ടേല്‍ പറഞ്ഞു. ബി.ജെ.പിയുടെ വെറുപ്പിന്റെ ഇരയാണ് രാജീവെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനിടെയായിരുന്നു രാജീവ് ഗാന്ധിയെ ഒന്നാം നമ്പര്‍ അഴിമതിക്കാരന്‍ എന്നു മോദി വിശേഷിപ്പിച്ചത്. ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള നേതാക്കള്‍ മോദിക്കെതിരെ രംഗത്തുവന്നിരുന്നു. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയെങ്കിലും കമ്മീഷന്‍ മോദിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയാണുണ്ടായത്.