X
    Categories: indiaNews

രാജീവ്ഗാന്ധി വധം: നളിനി ഉള്‍പ്പെടെ ആറുപേരെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജീവ്ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നളിനി ശ്രീഹരന്‍, ആര്‍.പി രവിചന്ദ്രന്‍ എന്നിവരുള്‍പ്പെടെ ആറുപേരെ വിട്ടയക്കാനാണ് സുപ്രീംകോടതി ഉത്തരവ്. ഇവരെ മോചിപ്പിക്കണമെന്ന മദ്രാസ് ഹൈക്കോടതിവിധി നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്. തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ ഇവരുടെ മോചനത്തിന് അനുമതി നല്‍കിയിരുന്നു. നളിനിക്ക് പുറമെ ശ്രീഹരന്‍, ശാന്തന്‍, മുരുകന്‍, റോബര്‍ട്ട് പയസ് ,രവിചന്ദ്രന്‍ എന്നിവരെയാണ് കോടതി വിട്ടയച്ചത്.

ഭരണഘടനയുടെ 142-ാം വകുപ്പ് അനുസരിച്ചാണ് വിധി. പ്രധാനപ്രതി പേരറിവാളനെ വിട്ടയക്കാനായി സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന് സമാനമായി ഹൈക്കോടതിക്ക് അധികാരം പ്രയോഗിക്കാനാകില്ലെന്ന് പറഞ്ഞായിരുന്നു ഹൈക്കോടതി നേരത്തെ ഹര്‍ജി തള്ളിയിരുന്നത്. എന്നാല്‍ പേരറിവാളന്റെ ഹര്‍ജിയിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചനം നേടുകയാണെങ്കില്‍ നളിനിക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. മേയിലാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. നളിനി ഓഗസ്റ്റിലാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

ജയിലിലെ നല്ലപെരുമാറ്റമനുസരിച്ചായിരുന്നു മോചനം. 1991 മെയ് 21നായിരുന്നു രാജീവ്ഗാന്ധിയെ സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയത്. തമിഴ് പുലികളുടെ പ്രതിനിധിയായ ധനു ആയിരുന്നു ചാവേറായത്. ശ്രീലങ്കയിലെ തമിഴ്ജനതക്കെതിരായി ഇന്ത്യന്‍ പട്ടാളത്തെ ഉപയോഗിച്ചുവെന്നതായിരുന്നു പ്രതികളെ കൊലപാതകത്തിന് പ്രേരിപ്പിച്ച ഘടകം.

 

Chandrika Web: