ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ ‘സ്വന്തമാക്കാന്‍’ കരുക്കള്‍ നീക്കി ബി.ജെ.പി. രജനി മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം ബി.ജെ.പിയോട് ചേര്‍ന്നു പോകുന്നതാണെന്നും 2019ല്‍ സ്‌റ്റൈല്‍ മന്നന്‍ എന്‍.ഡി.എ സഖ്യകക്ഷിയാകുമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷ തമിളിസെ സൗന്ദരരാജന്‍ പറഞ്ഞു.
‘രജനി രാഷ്ട്രീയ പ്രവേശനം അറിയിച്ചപ്പോള്‍ തന്നെ ബി.ജെ. പി അഭിനന്ദനം അറിയിച്ചിരുന്നു. അദ്ദേഹം ആഗ്രഹിക്കുന്ന അഴിമതിരഹിത, സദ്ഭരണം തന്നെയാണു ബി.ജെ.പിയുടെയും ലക്ഷ്യം. വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എ മുന്നണിയില്‍ ഉണ്ടാകും-തമിളിസെ സൗന്ദരരാജന്‍ അവകാശപ്പെട്ടു.
എന്നാല്‍ ബി.ജെ.പിയുടെ നീക്കത്തോട് സ്‌റ്റൈല്‍ മന്നന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ‘സമയമാകുമ്പോള്‍ എല്ലാമറിയാം’ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. നിലവില്‍ ഒറ്റയ്ക്ക് നിന്ന് മത്സരിക്കാനാണ് രജനിയുടെ തീരുമാനമെങ്കിലും ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനായിരിക്കും രജനിയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രജനിയെ തമിഴ്‌നാട് സ്വീകരിച്ചാലും ബി.ജെ.പിക്കൊപ്പം ചേര്‍ന്നാല്‍ എത്രകണ്ട് ഉള്‍ക്കൊള്ളുമെന്നത് കണ്ടറിയണം.
തമിഴ് വികാരം സൂക്ഷിക്കുന്ന വോട്ടര്‍മാര്‍ ഈ സഖ്യത്തില്‍ എത്രമാത്രം വിശ്വാസമര്‍പ്പിക്കും എന്നതും ചോദ്യചിഹ്‌നമാണ്. ആത്മീയ രാഷ്ട്രീയമാണു തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചതിലൂടെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ വഴിയിലൂടെയല്ല പ്രവര്‍ത്തനമെന്ന് രജനി വ്യക്തമാക്കിയിരുന്നു. ഇതാണ് ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കു ഊര്‍ജമേകുന്നത്. ജയലളിതയുടെ മരണവും കരുണാനിധിയുടെ അസാന്നിധ്യവും സൃഷ്ടിച്ച ശൂന്യതയിലാണു രജനി രാഷ്ട്രീയഭാവി നെയ്യുന്നത്.
ബി.ജെ.പിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ രജനി ആരാധകരില്‍ സ്വാധീനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം രജനിയുടെ പാര്‍ട്ടിക്കും ബി.ജെ.പിക്കും തമിഴ് ജനതക്കിടയില്‍ ഒരു സ്വാധീനവും ഉണ്ടാക്കാനാകില്ലെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പ്രതികരിച്ചു. ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പി മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.