കെ.പി. ജലീൽ
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മോളെ നിർദ്ദേശിച്ച സി.പി.എം ജില്ലാ കമ്മിറ്റിയെ മറികടന്ന് പൊടുന്നനെ കോൺഗ്രസുകാരനായ ഡോ. പി. സരിനെ സ്ഥാനാർത്ഥിയാക്കിയത് കൃഷണ ദാസ് പക്ഷത്തെ മറികടന്ന്. മന്ത്രി എം.ബി രാജേഷും ജില്ലാ സെക്രട്ടറി എൻ. സുരേഷ് ബാബുവുമാണ് ഇതിനായി ചരടുവലിച്ചത്. ഇത് അന്നു തന്നെ പാർട്ടിയിൽ അതൃപ്തി ഉയർത്തിയിരുന്നു. എന്നാൽ ചിറ്റൂരിൽ കോൺഗ്രസ് വിമതരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്ന മാതൃകയിൽ സരിനെ നിർത്തി പാലക്കാട് നേട്ടം കൊയ്യാമെന്നാണ് നേതാക്കൾ ജില്ലാ കമ്മിറ്റിയെ ധരിപ്പിച്ചത്. അന്നു തന്നെ സംസ്ഥാന സമിതിയംഗം എൻ. എൻ കൃഷ്ണദാസ് ഇതിനെ എതിർത്തിരുന്നു. മറ്റ് ചിലർ മിണ്ടാതിരുന്നു.
പ്രചാരണം മുറുകി വിജയത്തിലെത്തിയില്ലെങ്കിലും കൂടുതൽ വോട്ട് നേടാമെന്നാണ് രാജേഷ് വാദിച്ചത്. അത് പക്ഷേ അണികൾക്ക് ദഹിച്ചില്ല. അവർ പതിയെ പ്രചാരണ ത്തിൽ നിന്ന് വിട്ടുനിന്നു. താൻ ജയിക്കാത്ത മണ്ഡലത്തിൽ സരിൻ ജയിക്കുന്നതെങ്ങനെ എന്നാണ് കൃഷ്ണദാസും കൂട്ടരും ചോദിക്കുന്നത്. കോൺഗ്രസിൽ നിന്ന് 5000 വോട്ട് കിട്ടുമെന്നാണ് സരിൻ വാദിച്ചത്. ഇത് പക്ഷേ നീലപ്പെട്ടി വിവാദത്തോടെ അസ്ഥാനത്തായി.
കോൺഗ്രസിനെ വെറുതെ ഒരുമിപ്പിച്ചതാണ് ഫലത്തിൽ ഇതിലൂടെ സംഭവിച്ചത്. ബി.ജെ.പി നേതാക്കൾ ഇത് ഏറ്റു പിടിച്ചതോടെ സി.പി.എം – ബി.ജെ.പി ഡീൽ എന്ന ആരോപണത്തിനും ഇത് വഴിവെച്ചു. അതാണിപ്പോൾ കൃഷ്ണദാസ് പൊട്ടിത്തെറിക്കാൻ കാരണം. ‘ അയാൾ ‘ എന്ന് കൃഷ്ണദാസിനെ പരസ്യമായി വിളിക്കാൻ വരെ സുരേഷ് ബാബു തയ്യാറായി. ‘ സഖാവ് ‘ എന്നേ പാർട്ടിക്കാർ പരസ്പരം വിളിക്കാവൂ എന്ന ചട്ടം മറികടന്നാണിത്.
ഏതായാലും പെട്ടി വിവാദത്തിൽ സരിൻ കൃഷ്ണദാസ് പക്ഷത്ത് നിലയുറപ്പിച്ചതും സരിനെ ജില്ലാ സെക്രട്ടറി തള്ളിപ്പറഞ്ഞതും ഫലം വരുന്നതിന് മുമ്പേ സരിൻ വിഷയത്തിലെ സി.പി.എം അന്ത:സംഘർഷം വെളിച്ചത്തായിരിക്കയാണ്. 23 ന് ഫലം പുറത്ത് വരുന്നതോടെ ഇത് പാർട്ടിയിൽ ചിലർക്കെതിരെ അച്ചടക്ക നടപടി വരെ എത്തുന്ന സ്ഥിതിയാണ്. അതേ സമയം രണ്ടാം സ്ഥാനത്തെത്താനായാൽ അത് പറഞ്ഞ് പിടിച്ചു നിൽക്കാനാണ്
രാജേഷ് പക്ഷം . ഏതായാലും സരിൻ പാലക്കാട്ടെ സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയെന്നു തന്നെയാണ് ഇരു പക്ഷത്തിൻ്റെയും വിലയിരുത്തൽ.