വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ ക്യാമറയില്‍ പകര്‍ത്തിയ അനുഭവം പങ്കുവെച്ച് മനോരമ ന്യൂസ് ക്യാമറാമാന്‍ രാജേഷ് നെട്ടൂര്‍. ഹൈക്കോടതി വിവാഹം റദ്ദാക്കിയതിനെ തുടര്‍ന്ന് പുറംലോകം കാണാതെ മാസങ്ങളായി വീട്ടില്‍ കഴിയുന്ന ഹാദിയയുടെ മറ്റൊരു ചിത്രം പുറംലോകത്തെത്തിയത് മനോരമയുടെ ‘ചൂണ്ടുവിരല്‍’ പരിപാടിയിലൂടെയാണ്. വൈക്കത്തെ വീട്ടിലെത്തിയ ക്യാമറാമാന്‍ അന്നത്തെ അനുഭവം പങ്കുവെച്ചിരിക്കുന്നത് മനോരമ ഓണ്‍ലൈനിലൂടെയാണ്.
രാജേഷിന്റെ അനുഭവക്കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ്…
‘തലേ ദിവസം ചൂണ്ടുവിരല്‍ ഷൂട്ട് വിവരം പറയുമ്പോള്‍ കയ്യില്‍ ഒരു സ്‌പൈ ക്യാമറകൂടി കരുതിക്കൊള്ളാന്‍ അബ്‌ജോദ് ആവശ്യപ്പെട്ടു. പതിവില്ലാത്തതായതിനാല്‍ ഞാന്‍ മറുചോദ്യം ചോദിച്ചു, ‘എന്തിനാണെന്ന്’. ”ഒട്ടും വിഷ്വല്‍ സാധ്യതയില്ലാത്ത ഒരിടത്തേക്കാണ് നമ്മള്‍ ഷൂട്ടിനു പോകുന്നതെ”ന്നു മാത്രമായിരുന്നു അബ്‌ജോദിന്റെ മറുപടി’.
വൈക്കത്തെ വീട്ടില്‍ ചുറ്റും പോലീസ് കാവലില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെയൊപ്പമാണ് അവര്‍ കടന്നുചെല്ലുന്നത്. എന്നാല്‍ ഹാദിയ അടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസമെന്ന് പിന്നീടാണ് അറിയുന്നത്. ആ വീടിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയുമായിരുന്നില്ലെന്നും രാജേഷ് പറയുന്നു. ഹാദിയയെ കാണാനോ വീടിന്റെ ദൃശ്യങ്ങളോ പകര്‍ത്താന്‍ കഴിയില്ലെന്നറിഞ്ഞ ക്യാമറമാന്‍ പിന്നീടുണ്ടായതിനെക്കുറിച്ച് പറയുന്നതിങ്ങനെ. ‘ എങ്കില്‍ പിന്നെ അറ്റകൈ പ്രയോഗം. ദൂരെനിന്ന് കാമറ ഫോക്കസ് ചെയ്യുക. ഈ സമയമാണ് തട്ടമിട്ട ഒരു യുവതി ജനാലയില്‍ നിന്നു വിളിച്ചു ചോദിക്കുന്നു”ഏതു ചാനലാണെന്ന്” മറുപടി പറയും മുമ്പേ അവള്‍ മറഞ്ഞു. ഇക്കാര്യം അബ്‌ജോദിനോടു പറഞ്ഞപ്പോഴാണ് അത് ഹാദിയ ആകുമെന്ന് പറയുന്നത്. മിന്നായം പോലെ ഒരു പ്രതീക്ഷ എന്നില്‍ പാഞ്ഞു’.
ക്യാമറയില്‍ പതിയാതെ പോയ ഹാദിയക്കുവേണ്ടി പിന്നീട് അതേ ജനാലയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുകയായിരുന്നു. ക്യാമറ റോള്‍ ചെയ്ത് മാറി നിന്നു. ആരും കാണാതെയായിരുന്നു എല്ലാം. പിന്നീട് ക്യാമറയെടുത്ത് മടങ്ങുമ്പോള്‍ ദൃശ്യങ്ങള്‍ റിവൈന്‍ഡ് ചെയ്തു നോക്കിയപ്പോഴാണ് ഹാദിയ ക്യാമറയില്‍ പതിഞ്ഞതായി കണ്ടതെന്നും രാജേഷ് പറയുന്നു.