ബോളിവുഡ് ചിത്രം പദ്മാവതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ക്കിടെ, നടി ഷബാന ആസ്മിക്കെതിരായ സംഘ് പരിവാര്‍ പ്രചരണത്തിന് മറുപടി നല്‍കി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായ്. പദ്മാവതി സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിക്കും നടി ദീപിക പദുക്കോണിനും നേരെയുള്ള വധഭീഷണിയുടെ പശ്ചാത്തലത്തില്‍ ബോളിവുഡ് ഒന്നടങ്കം ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ബഹിഷ്‌കരിക്കണമെന്ന് ഷബാന ട്വിറ്ററില്‍ കുറിച്ചിരുന്നു. ‘ഭരണകൂടങ്ങള്‍ക്കനുസരിച്ച് നിലപാട് മാറുന്ന’ ഷബാനയെപ്പറ്റി എന്തു പറയുന്നു എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിനാണ്, ഷബാന ആസ്മിയുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ദേശായ് മറുപടി നല്‍കിയത്.
‘താങ്കള്‍ പറഞ്ഞത് തെറ്റാണ്. ഇതേ ഷബാന ആസ്മിയാണ് 1989-ല്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ സഫ്ദര്‍ ഹാഷ്മിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ഒരു ഫിലിം ഫെസ്റ്റിവല്‍ ബഹിഷ്‌കരിച്ചത്. മറ്റുള്ളവരെല്ലാം ഭയന്നപ്പോള്‍ തസ്ലീമ നസ്രിനെ സ്വീകരിക്കാന്‍ ധൈര്യം കാണിച്ചതും അവര്‍ തന്നെ.’ എന്നായിരുന്നു സര്‍ദേശായ്‌യുടെ ട്വീറ്റ്.
സഞ്ജയ് ലീലാ ഭന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ വിദ്വേഷ പ്രചരണമാണ് നടത്തുന്നത്. ഭന്‍സാലിയുടെയും ദീപികയുടെയും തലവെട്ടുന്നവര്‍ക്ക് പത്തു കോടി ഇനാം നല്‍കുമെന്ന് ഹരിയാനയിലെ ബി.ജെ.പി നേതാവ് സുരജ് പാല്‍ അമു പറഞ്ഞു. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത ഭാഗം നീക്കം ചെയ്യാതെ യു.പിയില്‍ ചിത്രം റിലീസിങ് അനുവദിക്കില്ലെന്നും ബി.ജെ.പി വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച ഡിസംബര്‍ ഒന്നിന് പദ്മാവതി റിലീസ് ചെയ്യേണ്ടെന്നാണ് നിര്‍മാതാക്കളുടെ തീരുമാനം.