സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമച്ചങ്ങലയില്‍നിന്ന് ഇന്ത്യ മോചിതമായിട്ട് 75 വര്‍ഷമാകുന്ന സുദിനമാണ് ഇന്ന്. ത്യാഗോജ്വലമായ ഇന്നലെകളുടെ ഓര്‍മ ഒരിക്കല്‍ കൂടി പുതുക്കുകയാണ് രാജ്യം. സമാനതകളില്ലാത്ത പോരാട്ട വീര്യമാണ് സ്വാതന്ത്ര്യത്തിനുവേണ്ടി ദേശീയ നേതാക്കള്‍ പുറത്തെടുത്തത്. ജാതി, മത, വര്‍ണ, വര്‍ഗ വേര്‍തിരിവുകളില്ലാതെ ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തിലേക്ക് ഒരു ജനത ഒന്നടങ്കം നടന്നുകയറിയതിന്റെ വീരേതിഹാസ ചരിതം ഇന്നും ഇന്ത്യന്‍ മണ്ണിനെ ഹര്‍ഷപുളകിതമാക്കുന്നു. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാന അബുല്‍ കലാം ആസാദ്, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍… ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളില്‍ കൊത്തിവെക്കപ്പെട്ട നാമങ്ങള്‍ അനവധിയുണ്ട്. സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിയാനും അത് സംരക്ഷിക്കാനും അവര്‍ നല്‍കിയ പ്രചോദനം മഹത്തരമാണ്.
ദേശീയ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലും പിന്‍നിരയിലും അനേകായിരങ്ങളുണ്ട്. മുന്‍നിരയിലുള്ളവര്‍ക്ക് ഊര്‍ജവും ധൈര്യവും പകര്‍ന്നുനല്‍കിയത് നിസ്വാര്‍ത്ഥരായ പിന്‍നിരക്കാരായിരുന്നു. അവരാണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം നേടിത്തന്നത്. അവരുടെ പങ്ക് വലുതാണ്. ചരിത്രത്തിന്റെ അടരുകളില്‍ ഇടംകിട്ടാതെ പോയ അവരുടെ ജീവ ത്യാഗം അനുസ്മരിക്കാനുള്ള സന്ദര്‍ഭമാണിത്. ജീവനും സ്വത്തും രാജ്യത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചിരുന്ന ജനലക്ഷങ്ങളോട് നാം എക്കാലവും കടപ്പെട്ടിരിക്കുന്നു. അക്കാലത്ത് അഹിംസയായിരുന്നു ഇന്ത്യയുടെ സമരായുധം. സമാധാനത്തിലൂട്ടിയ ആ വാള്‍ത്തലക്ക് ഇത്രയും മൂര്‍ച്ചയോ എന്ന് ലോകം സന്ദേഹിച്ചുപോയി. സ്വാതന്ത്ര്യത്തിലേക്കുള്ള വഴി ഏതായിരിക്കണം എന്നതിനെക്കുറിച്ച് ദേശീയ നേതാക്കള്‍ക്കിടയില്‍ പലതരം സങ്കല്‍പങ്ങളുണ്ടായിരുന്നു. അതില്‍ ഗാന്ധിജിയും സുബാഷ് ചന്ദ്രബോസും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നത ചരിത്രത്തിന്റെ ഭാഗമാണ്. സുബാഷ് ചന്ദ്രബോസ് സായുധ വിപ്ലവത്തില്‍ വിശ്വസിച്ചപ്പോള്‍ ഗാന്ധിജി അഹിംസയില്‍ ഉറച്ചുനിന്നു. രാഷ്ട്രീയ എതിരാളികളോട് പോലും സംസാരിക്കാനും അവരുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളാനും അവസരം കിട്ടുമ്പോള്‍ തന്റേതായ പാതയിലേക്ക് അവരെ കൊണ്ടുവരാനും ഗാന്ധിജി ശ്രമിച്ചതിന് ഒരുപാട് തെളിവുകളുണ്ട്.
ത്യാഗത്തിന്റെ കനല്‍പഥങ്ങള്‍ താണ്ടി ദേശീയ നേതാക്കള്‍ നമുക്ക് സമ്മാനിച്ച സ്വാതന്ത്ര്യത്തെ തിളക്കം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ സാധിച്ചുവോ എന്ന സംശയത്തിന്റെ നിഴലിലാണ് ഇപ്പോള്‍ രാജ്യമുള്ളത്. വിലപ്പെട്ട പല മൂല്യങ്ങളും അധികാര സ്ഥാനത്തുള്ളവര്‍ക്ക് അരോചകങ്ങളായി തോന്നിത്തുടങ്ങിയിരിക്കുന്നു. സാമ്രാജ്യത്വവിരുദ്ധ സമരത്തെ ഒറ്റിക്കൊടുത്ത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തിരുന്നവര്‍ സ്വാതന്ത്ര്യത്തിന്റെ പിതൃത്വം അവകാശപ്പെട്ടു തുടങ്ങിയ കാലം കൂടിയാണിത്. കത്തിപ്പടരുന്ന വിഭാഗീയതയിലേക്ക് എണ്ണയൊഴിക്കാന്‍ ഭരണകൂടം ആവേശം കാട്ടുന്ന ദുരന്തക്കാഴ്ചക്ക് രാജ്യം സാക്ഷിയാവുകയാണ്. ദേശീയ സ്ഥാപനങ്ങളും ചിഹ്നങ്ങളും സ്വന്തം മേല്‍വിലാസത്തിലേക്ക് ചുരുട്ടിക്കെട്ടാനുള്ള ഹീന ശ്രമങ്ങളും വ്യാപകം. ഇന്ത്യയുടെ മതേതരത്വം തകര്‍ത്തേ അടങ്ങൂ എന്ന വാശിയിലാണ് ഭരണത്തിന്റെ തലപ്പത്തുള്ളവര്‍. പേര് മാറ്റിയും കോലം കെടുത്തിയും രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളെ കരിവാരിത്തേക്കാന്‍ അവര്‍ ധൈര്യപ്പെട്ട് തുടങ്ങിയത് ആപല്‍ സൂചനകളാണ്. സ്വാതന്ത്ര്യത്തിന്റെ മധുരം നുണഞ്ഞ് കൊതി തീരുംമുമ്പ് മഹാത്മാവിനെ ഉന്മൂലനം ചെയ്തവരുടെ പിന്മുറക്കാരമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്.
സ്വാതന്ത്ര്യത്തിന്റെ തുടര്‍ച്ചയായി ഐക്യത്തിന്റെ വലിയൊരു ലോകം തുറന്നുകിട്ടണമെന്നായിരുന്നു മതേതര വാദികളായ നേതാക്കളുടെ ആഗ്രഹം. അവര്‍ വിഭാവനം ചെയ്ത രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക സങ്കല്‍പങ്ങളെ അടര്‍ത്തിമാറ്റി പുതിയത് പ്രതിഷ്ഠിക്കാനുള്ള ആസൂത്രിത നീക്കങ്ങള്‍ സജീവമാണ്. ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളുടെ ജീവിതത്തില്‍നിന്ന് ആശങ്കയുടെ കരിനിഴല്‍ ഇനിയും വിട്ടുമാറിയിട്ടില്ല. അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ഇനിയും ഏറെ അകലെയാണെന്ന വസ്തുത അവരെ ഭീതിപ്പെടുത്തുന്നുണ്ട്. ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തിന്റെ പൗരത്വത്തെപ്പോലും സംശയത്തിന്റെ നിഴലിലേക്ക് മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ചില ആത്മപരിശോധനകള്‍ അനിവാര്യമാവുകയാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യക്കുണ്ടായിരുന്ന അന്തസ്സ് വീണ്ടെടുക്കുന്നതിനും മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതിനും പുതിയൊരു സഹനസമരത്തെക്കുറിച്ച് ആലോചിക്കാന്‍ സമയമായിരിക്കുന്നു. നിരാശ പടര്‍ന്നുതുടങ്ങുമ്പോഴും രാജ്യത്തിന് പ്രതീക്ഷയുണ്ട്. നാളെകള്‍ നന്മ• നിറഞ്ഞതായിരിക്കുമെന്ന് ഭാരതീയ മനസ്സ് മന്ത്രിക്കുന്നു.