X

വാക്കുപാലിച്ച് രാഹുല്‍: രാജസ്ഥാനിലും കാര്‍ഷിക കടം എഴുതിത്തള്ളി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് നല്‍കിയ വാക്കുപാലിച്ച് കോണ്‍ഗ്രസ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതിനുശേഷം രാജസ്ഥാനിലും കടം എഴുതിത്തള്ളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അറിയിച്ചു.

രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും കാര്‍ഷിക വായ്പ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്. പത്ത് ദിവസമാണ് ഞങ്ങള്‍ ചോദിച്ചത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ രണ്ട് ലക്ഷം രൂപ താഴെയുളള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയതായി പ്രഖ്യാപിച്ചിരുന്നു. മധ്യപ്രദേശില്‍ മുഖ്യമന്ത്രി കമല്‍നാഥും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗലും സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറിനുള്ളില്‍ കാര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളിയിരുന്നു.

അഞ്ചു സംസ്ഥാനങ്ങളിലേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. അതില്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുകയായിരുന്നു. കോണ്‍ഗ്രസ് ജയിച്ച് അധികാരത്തിലെത്തിയാല്‍ പത്തുദിവസത്തിനുള്ളില്‍ കാര്‍ഷിക കടം എഴുതിത്തള്ളുമെന്നായിരുന്നു രാഹുലിന്റെ വാഗ്ദാനം.

chandrika: