X
    Categories: CultureMoreNewsViews

രാജസ്ഥാനില്‍ കാവിക്കോട്ട തകര്‍ന്നടിഞ്ഞു

ജയ്പ്പൂര്‍: പ്രവചനങ്ങളും എക്‌സിറ്റ് പോള്‍ ഫലങ്ങളുമൊന്നും പിഴച്ചില്ല. രാജസ്ഥാനില്‍ ബി.ജെ.പിയുടെ കോട്ട തകര്‍ത്ത് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. കഴിഞ്ഞ തവണ ബി.ജെ.പിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് ഇത്തവണ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ തിരിച്ചെത്തി. പാര്‍ട്ടിയുടെ ജനകീയ മുഖങ്ങളായ അശോക് ഗെഹ്‌ലോട്ടും യുവരക്തം സച്ചിന്‍ പൈലറ്റുമാണ് കോണ്‍ഗ്രസിന്റെ തേരുതെളിച്ചത്. ജാതിരാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനില്‍ 2013-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലേറിയത്. അന്ന് ലഭിച്ചത് 163 സീറ്റുകള്‍. കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലൊതുങ്ങി. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ മാറിമറിഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ ജനം വിധിയെഴുതി. ജാട്ട്, ഗുജ്ജാര്‍, ബ്രാഹ്മിണ്‍, രജ്പുത് സമുദായങ്ങളെല്ലാം ബി.ജെ.പിയെ കൈവിട്ടു. തൊഴിലില്ലായ്മ, വികസന മുരടിപ്പ്, ആള്‍ക്കൂട്ട ആക്രമണം, വിലക്കയറ്റം, എസ്.സി-എസ്.ടി ആക്ട്, റഫാല്‍ അഴിമതിയെല്ലാം ചര്‍ച്ചയായി. ജാട്ട് വിഭാഗക്കാരനായ ഹനുമാന്‍ ബെന്‍വേല്‍ ബി.ജെ.പി വിട്ട് രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി രൂപീകരിച്ചതും ബി.ജെ.പി എം.എല്‍.എ ആയിരുന്ന ഘന്‍ശ്യാം തിവാരി ഭാരത് വാഹനി പാര്‍ട്ടി രൂപീകരിച്ചതും ജാട്ട് വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കി. അതേസമയം എസ്.സി-എസ്.ടി, മുസ്‌ലിം, മീണ, ഗുജ്ജാര്‍, മേഘ്‌വാള്‍, ഭീല്‍ എന്നീ വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് സീറ്റ് നല്‍കാതിരുന്ന ബി.ജെ.പി മുസ്‌ലിം സ്വാധീന മേഖലയായ ടോങ്ക് മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ സച്ചിന്‍ പൈലറ്റിനെതിരെ യൂനസ് ഖാനെ ഗോദയിലിറക്കിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ സ്വാധീനമില്ലാത്ത സി.പി.എം ഇത്തവണ രണ്ട് സീറ്റുകളില്‍ വിജയിച്ചു. ബാദ്ര, ദന്തര്‍ഘഢ് മണ്ഡലങ്ങളിലാണ് സി.പി.എം നേട്ടമുണ്ടാക്കിയത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറി അമ്രാറാം തോറ്റത് സി.പി.എമ്മിന് ക്ഷീണമായി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: