X
    Categories: MoreViews

രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പില്‍ വേരറ്റ് ബി.ജെ.പി

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ രണ്ട് ലോക്‌സഭാ സീറ്റുകളിലേക്കും ഒരു നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ത്രസിപ്പിക്കുന്ന ജയം. മൂന്ന് സീറ്റുകളും കോണ്‍ഗ്രസ് ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയുടെ ആഘാതത്തിലാണ് ഭരണ കക്ഷിയായ ബി.ജെ.പി. തുടര്‍ച്ചയായ രണ്ടാംതവണ അധികാരത്തിലെത്താന്‍ ഒരുങ്ങുന്ന രാജസ്ഥാനിലെ വസുന്ധരാരാജെ സര്‍ക്കാറിന്റെ പ്രതീക്ഷകള്‍ക്ക് ഇതോടെ മങ്ങലേറ്റു. ഈ വര്‍ഷം അവസാനം നടക്കുന്ന രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടായാണ് ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നത്. അജ്മീര്‍, ആള്‍വാര്‍ ലോക്‌സഭാ സീറ്റുകളിലും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലുമായിരുന്നു ജനവിധി.

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിയോഗത്തെതുടര്‍ന്നാണ് മൂന്നിടത്തും ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. അന്തരിച്ച കേന്ദ്രമന്ത്രി സന്‍വര്‍ലാല്‍ ജാട്ടിന്റെ മണ്ഡലമായ അജ്മീറില്‍ മകന്‍ രാംസ്വരൂപ് ലമ്പയെ ഇറക്കി സഹതാപ തരംഗത്തിന് ശ്രമിച്ചിട്ടു പോലും ബി.ജെ. പിക്ക് പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 1,71,983 വോട്ടിന്റെ ഭൂരിപക്ഷത്തിന് 2014ല്‍ ബി.ജെ.പി ജയിച്ച മണ്ഡലം 84,162 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്ഗ്രസിലെ രഘു ശര്‍മ്മ പിടിച്ചെടുത്തത്.

ആള്‍വാര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കരണ്‍ സിങ് യാദവ് 1,96,496 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ ജസ്വന്ത് യാദവിനെയാണ് തറപറ്റിച്ചത്. 2014ല്‍ ബി.ജെ.പിയുടെ മഹന്ദ് ചന്ദ്‌നാഥ് 2,83,895 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലമാണിത്. മണ്ഡല്‍ഗഡില്‍ ബി.ജെ.പിയുടെ ശക്തി സിങ് ഹാഡയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിവേദ് ദക്കാദ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്.
പശ്ചിമബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ഉലുബറിയ ലോക്‌സഭാ സീറ്റ് സജ്ദ അഹമ്മദിലൂടെ തൃണമൂല്‍ നിലനിര്‍ത്തി. നവോപര നിയമസഭാ സീറ്റ് കോണ്‍ഗ്‌സില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

chandrika: