ജയ്പൂര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പിലും തിരിച്ചടിയേറ്റ ആഘാതത്തില്‍ ബി.ജെ.പി. ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലത്തിലും പരാജയപ്പെടാനുണ്ടായ കാരണങ്ങള്‍ തേടുകയാണിപ്പോള്‍ ബിജെപി നേതൃത്വം. പരാജയം ആപത് സൂചനയാണെന്ന് സംസ്ഥാനത്തെ ബിജെപി അധ്യക്ഷന്‍ അശോക് പര്‍ണാമി പ്രതികരിച്ചു. അതേസമയം ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള മുന്നറിയിപ്പാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ പറഞ്ഞു.
തങ്ങളെ സംബന്ധിച്ച് തിരിച്ചുവരവിനുള്ള ഒരു മുഹൂര്‍ത്തമായി മാത്രമേ പരാജയത്തെ കാണുന്നുള്ളൂവെന്നും ഇത്രയും വികസനപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് നടത്തിയിട്ടും എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നതെന്നും രാജെ പറഞ്ഞു. സെല്‍ഫ് ഗോള്‍ ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരില്‍ നിരാശപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി നേതാക്കളോട് ആവശ്യപ്പെട്ടു.
ഓരോ മണ്ഡലങ്ങളിലും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എം.എല്‍.എമാര്‍ ശ്രമിക്കണമെന്നും കോണ്‍ഗ്രസ് അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ വികസനവുമായി താരതമ്യപ്പെടുത്തിയാവണം അതെന്നും അവര്‍ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ ശക്തി കേന്ദ്രവും താരതമ്യേന വലിയ സംസ്ഥാനവുമായ രാജസ്ഥാനില്‍ ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നു എന്നത് ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം ബി.ജെ.പി ക്വാമ്പിനെ ഭയപ്പെടുത്തുന്നുണ്ട്. 2019ല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ 2018ലെ നിയമസഭാ തെരഞ്ഞെുപ്പുകള്‍ക്ക് പതിവില്‍ കവിഞ്ഞ പ്രസക്തിയുണ്ട്. ജനവിധി എന്തായാലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ ഇത് സ്വാധീനിക്കാന്‍ ഇടയുണ്ട് എന്നതാണ് കാരണം. 2017ന്റെ ഒടുവില്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെച്ച വലിയ മുന്നേറ്റവും ബി.ജെ.പിക്കുണ്ടായ തളര്‍ച്ചയും മറ്റ് സംസ്ഥാനങ്ങളിലെ ജനവിധിയെ എങ്ങനെ സ്വാധീനിക്കും എന്നതും നിര്‍ണായകമാണ്.
രാജസ്ഥാന് പുറമെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും 2018ല്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ത്രിപുര, മേഘാലയ, കര്‍ണാടക, നാഗാലാന്റ്, മിസോറാം എന്നിവയാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങള്‍.
രാജസ്ഥാന്‍ (ബി.ജെ.പി)
തെരഞ്ഞെടുപ്പ് വരുന്നത് 2018 അവസാനത്തോടെ.
ആകെ സീറ്റ്: 200 ,
ബി.ജെ.പി 163,
കോണ്‍ഗ്രസ് 21.
മറ്റുള്ളവര്‍: 16.
ആള്‍കൂട്ട കൊലപാതകങ്ങളായിരുന്നു രാജസ്ഥാനെ പോയ വര്‍ഷം ഏറ്റവും കൂടുതല്‍ വാര്‍ത്തയില്‍ നിറച്ചത്.