ന്യൂഡല്‍ഹി: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാജസ്ഥാനിലും ബംഗാളിലും തിയ്യതി പ്രഖ്യാപിച്ച കമ്മീഷന്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്നത് വിവാദമായി.
രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ഒരു മണ്ഡലത്തിലും ജനുവരി 29-നാണ് തെരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാനിലെ ആള്‍വാര്‍, അജ്‌മേര്‍, ബംഗാളിലെ ഉലുബേരിയ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗൊരഖ്പൂര്‍, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലം ഫൂല്‍പൂര്‍, അരാരിയ എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മീഷന്‍ നീട്ടിവെച്ചിരിക്കുകയാണ്. ഇത് വിവാദമാവുകയും ചെയ്തു. ആര്‍.ജെ.ഡി നേതാവിന്റെ മരണത്തെ തുടര്‍ന്നാണ് അരാരിയില്‍ സീറ്റൊഴിവ് വന്നത്. യോഗിയും കേശവ് പ്രസാദും നിയമസഭയിലേക്കെത്തിയതോടെ ആ മണ്ഡലങ്ങളിലും ഒഴിവുവരികയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടിക്കെതിരെ വിവാദം ശക്തമാവുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏകപക്ഷീയമാവുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
നേരത്തെ, ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ബി.ജെ.പിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന വിവാദം.