ജെയ്പൂർ: രാജ്യത്ത് ആൾക്കൂട്ടക്കൊല അധികരിക്കുന്നതിനിടെ അതിനെതിരെ കടുത്തശിക്ഷ നൽകാനുതകുന്ന ബിൽ രാജസ്ഥാൻ നിയമസഭ പാസാക്കി. ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് അശോക് ഗെഹ്ലോട്ട് സർക്കാർ പാസാക്കിയത്.
‘ദ രാജസ്ഥാൻ പ്രൊട്ടക്ഷൻ ഫ്രം ലിഞ്ചിങ് ബിൽ-2019’ എന്ന പേരിലുള്ള ബിൽ പ്രതിപക്ഷമായ ബി.ജെ.പിയുടെ കടുത്ത എതിർപ്പ് മറികടന്ന് ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്ന് ബി.ജെ.പി ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ല.
പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധരിവാളാണ് കഴിഞ്ഞയാഴ്ച ബിൽ നിയമസഭയിൽ കൊണ്ടുവന്നത്. ഇന്ത്യൻ പീനൽ കോഡിലും ക്രിമിനൽ പ്രൊസീജ്യർ കോഡിലും ആൾക്കൂട്ടക്കൊല കൈകാര്യം ചെയ്യുന്ന വകുപ്പുകൾ ഉണ്ടെങ്കിലും അത് പര്യാപ്തമല്ലെന്ന് ബില്ലുമായി ബന്ധപ്പെട്ട ചർച്ചയിൽ ധരിവാൾ പറഞ്ഞു. ഇത്തരം സംഭവങ്ങളിൽ കടുത്ത ശിക്ഷ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് സർക്കാർ കൊണ്ടുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.