ചെന്നൈ: ഏറെക്കാലത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ 31ന്. 2021 ജനുവരിയിലായിരിക്കും പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുക. തിരഞ്ഞെടുപ്പു രാഷ്ട്രീയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ വൈകാതെ പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് അറിയിച്ചു. ബുധനാഴ്ച ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ട്രത്തിന്റെ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രജനി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
രജനി എന്തു തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കാനുള്ള തീരുമാത്തിലാണ് ആരാധക കൂട്ടായ്മ. രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് കഴിഞ്ഞ മാസം അവസാനം രജനീകാന്ത് സൂചന നല്‍കിയിരുന്നു. എന്നാല്‍ കോവിഡിന്റെ സാഹചര്യത്തില്‍ പാര്‍ട്ടി രൂപവത്കരണ പ്രഖ്യാപനം നീട്ടിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഈയിടെ തമിഴ്‌നാട്ടിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ താരം സമ്മതം നല്‍കാത്തതിനാല്‍ ്അതു നടന്നില്ല.